അർധരാത്രി തനിയെ ബെല്ലടിക്കുന്ന പ്രേത ടെലിഫോൺ: എടുക്കുമ്പോൾ ശീൽക്കാരം
Mail This Article
ഇന്ന് വ്യാവസായികമായും സാമ്പത്തികമായും വളരെ മികച്ച നിലയിലുള്ള രാജ്യമാണ് നോർവേ. എന്നാൽ ഒരുകാലത്ത് ഇങ്ങനെയായിരുന്നില്ല. മധ്യവർഗത്തിൽപെട്ടവരും ദരിദ്രരുമായ ഒട്ടേറെ ജനങ്ങൾ ഇവിടെ താമസിച്ചിരുന്നു. ഭയപ്പെടുത്തുന്ന കഥകളും കെട്ടുകഥകളുമൊക്കെ ഈ രാജ്യത്തു നിന്ന് ധാരാളമുണ്ടായിട്ടുണ്ട്.
നോർവേയിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലമേതെന്നു ചോദിച്ചാൽ പലരും പറയുക ബേറംസ് വെർക് എന്ന ഗ്രാമത്തെപ്പറ്റിയാണ്. പഴയകാലത്ത് ഇരുമ്പുപണിക്കാരുടെ ശാലകൾ സ്ഥിതി ചെയ്ത ഗ്രാമമാണ് ബേറംസ് വെർക്. വടക്കൻ നോർവേയിൽ ലോമാനദിക്കരയിലുള്ള ഈ ഗ്രാമത്തിലെ ഇരുമ്പുശാലകളൊക്കെ പോയി ഇന്നതൊരു ഷോപ്പിങ് സങ്കേതമാണ്.
ഇവിടെ സ്ഥിതി ചെയ്യുന്ന ഒരു പൗരാണിക ഹോട്ടലാണ് വേർടുഷെറ്റ്. നോർവെയിലെ തന്നെ ഏറ്റവും പഴയ ഹോട്ടലായ ഇതിന് 382 വർഷം പഴക്കമുണ്ട്. ഈ ഹോട്ടലിൽ പ്രേതബാധയുണ്ടെന്നാണ് ബേറംസ് വെർക് ഗ്രാമക്കാരുടെ വിശ്വാസം. അന്ന ക്രീഫ്റ്റിങ് എന്ന വനിതയുടെ പ്രേതത്തെ ഈ ഹോട്ടലിന്റെ രണ്ടാം നിലയിൽ പലരും കണ്ടിട്ടുണ്ടത്രേ. പച്ചനിറമുള്ള വസ്ത്രമണിഞ്ഞാണ് ഇവരെത്തുന്നതെന്നും ചിലർ പറയുന്നു. 18ാം നൂറ്റാണ്ടിൽ ഈ ഹോട്ടലിന്റെ ഉടമസ്ഥയായിരുന്നു അന്ന ക്രീഫ്റ്റിങ്.
ഇതേ ഹോട്ടലിൽ തന്നെ വിചിത്രമായ മറ്റൊരു കാര്യം കൂടിയുണ്ട്. ഇവിടത്തെ മീറ്റിങ് റൂമിൽ ഒരു ടെലിഫോണുണ്ട്. ഇത് അർധരാത്രി ഒരു പ്രത്യേക സമയത്ത് എന്നും ബെല്ലടിക്കുമത്രേ. എന്നാൽ ഫോൺ അറ്റൻഡു ചെയ്യുന്നവർ ചില ശീൽക്കാര ശബ്ദങ്ങളും പൊട്ടലും ചീറ്റലുമൊക്കയേ കേൾക്കാറുള്ളൂ. എന്തു കൊണ്ടാണിത് സംഭവിക്കുന്നതെന്ന് അറിയാനായി പല ടെക്നീഷ്യൻമാരും കാരണം കണ്ടെത്താൻ നോക്കിയിട്ടും നടന്നില്ലെന്നു ചിലർ പറയുന്നു.
നോർവേയിലെ മറ്റൊരു ഭയപ്പെടുത്തുന്ന സ്ഥലമാണ് ആകെർഷുസ് കോട്ട. നോർവേയുടെ തലസ്ഥാനമായ ഓസ്‌ലോയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. നോർവേയുടെ ചരിത്രത്തിൽ പലകാലങ്ങളിലായുള്ള കുപ്രസിദ്ധ ക്രിമിനലുകളിൽ പലരെയും ഈ കോട്ടയിൽ തടവിൽ പാർപ്പിച്ചിട്ടുണ്ട്.
കടുത്ത മർദ്ദന, പീഡന മുറകൾ ഇവർക്കു മേൽ പ്രയോഗിക്കുകയും ചിലരൊക്കെ മരിക്കുകയും ചെയ്തു. ഇവരുടെ ആത്മാക്കൾ കോട്ടയിലുണ്ടെന്നാണു നോർവേക്കാരിൽ ചിലരുടെ വിശ്വാസം. അവർ കോട്ടയുടെ ഭിത്തിയിൽ നഖം കൊണ്ട് ആഞ്ഞുമാന്തുമത്രേ. അടക്കം പറച്ചിലുകൾ കേൾക്കാറുണ്ടെന്നും ചിലർ പറയുന്നു. ഈ കോട്ടയിലെ തടവറ, 1950ൽ അടച്ചുപൂട്ടി.
Content Summary : Baerums Verk most haunted village in Norway