ADVERTISEMENT

കൂട്ടുകാരേ, മഴ ഇടയ്ക്കിടെ പെയ്യുന്നുണ്ട്. മഴയ്ക്കൊപ്പം മിന്നലുമുണ്ട്. മിന്നൽ ആകാശത്തു പുളഞ്ഞുപോകുന്നത് കമനീയമായ കാഴ്ച തന്നെ. എന്നാൽ സൂക്ഷിക്കണം കേട്ടോ. മിന്നൽ അപകടകാരിയാണ്. മഴക്കാലത്ത് മിന്നലിനെ കരുതിയിരിക്കണം. ഇടിയും മിന്നലുമുണ്ടാകാനുള്ള സാധ്യത കണ്ടാൽ തന്നെ കളിസ്ഥലങ്ങളിൽ നിന്നും ഗ്രൗണ്ടുകളിൽ നിന്നുമൊക്കെ മാറി നിൽക്കണം. കെട്ടിടങ്ങളുടെയും മറ്റും ഉള്ളിൽ ഇരിക്കുന്നത് തുറസ്സായ സ്ഥലത്തു നിൽക്കുന്നതിനേക്കാൾ വളരെ സുരക്ഷിതമാണ്.

umbrella-rain-child-julia-sudnitskaya-istock-photo-com
Photo Credit: Julia Sudnitskaya / iStockPhoto.com

തുറസ്സായ സ്ഥലത്തു നിൽക്കേണ്ട അവസ്ഥ വരികയാണെങ്കിൽ ഉയർന്ന ഭാഗങ്ങളിൽ നിന്നു മാറി നിൽക്കണം. മരങ്ങളുടെ അടിയിൽ നിൽക്കരുത്, ഇതു വളരെ അപകടമാണ്. സ്വിമ്മിങ് പൂളിലോ കുളത്തിലോ നീന്തരുത്. മാറി നിൽക്കാൻ മറ്റുമാർഗങ്ങളൊന്നും കണ്ടില്ലെങ്കിൽ വാഹനങ്ങളിലിരിക്കുന്നത് കൂടുതൽ സുരക്ഷ നൽകും. 

വീട്ടിനകത്താണെങ്കിലും ശ്രദ്ധിക്കണം. ഇടിമിന്നലുള്ള സമയത്ത് കുളി, ബാത്‌റൂം ഉപയോഗം, പൈപ്പ് ഉപയോഗം തുടങ്ങിയവ ഒഴിവാക്കാം. ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ലാൻഡ്‌ഫോണുകൾ തുടങ്ങിയവ ഉപയോഗിക്കരുത്. ഒരാൾക്കു മിന്നലേൽക്കാനുള്ള സാധ്യത 5 ലക്ഷത്തിൽ ഒന്നാണെന്ന് വിദഗ്ധർ പറയുന്നു. മിന്നലേറ്റാൽ പരുക്കുകളും പൊള്ളലും മുതൽ മരണം വരെ സംഭവിക്കാം. മിന്നലിന് 20,000 ഡിഗ്രി വരെ താപനില ഉയർത്താനുള്ള കഴിവുണ്ട്. അതിനാൽ തന്നെ മിന്നലേൽക്കുന്നയാൾക്ക് പൊള്ളൽ സംഭവിക്കാം. ചില ആളുകൾക്ക് മിന്നലേറ്റതിനു ശേഷം കേൾവിശക്തിയിൽ കുറവ് ഉണ്ടായിട്ടുണ്ട്. കാഴ്ചപ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  മിന്നലേൽക്കുന്നത് അകാലതിമിരത്തിനും വഴിവയ്ക്കാം. നാഡീവ്യവസ്ഥയിൽ തകരാറ്, വിട്ടുമാറാത്ത തലവേദന, ശരീര വേദന, ശ്രദ്ധക്കുറവ്, കാര്യങ്ങൾ ചെയ്യാൻ വലിയ കാലതാമസം മുതൽ വിഷാദം, മൂഡ് വ്യതിയാനങ്ങൾ തുടങ്ങിയവ വരെ മിന്നലേറ്റവരിൽ കാണാം.

30,000 ആംപിയർ അളവിലുള്ള വൈദ്യുതിയാണു മിന്നലിലൂടെ എത്തുന്നത്. ഇതു ചെറുക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിനില്ല. ഗുരുതരമായ സംഭവങ്ങളിൽ മിന്നൽ ഹൃദയത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ഹൃദയസ്തംഭനത്തിനു വഴിവയ്ക്കുകയും ചെയ്യും. ഇത് ഏൽക്കുന്നയാളുടെ മരണത്തിനും കാരണമാകും. ലോകത്ത് മിന്നൽ മൂലം പ്രതിവർഷം 24,000 പേർ മരിക്കുന്നുണ്ടെന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില സ്ഥലങ്ങളിൽ പതിക്കുന്ന മിന്നലുകളുടെ അളവ് കൂടുതലാണ്. ലൈറ്റ്‌നിങ് ഹോട്‌സ്‌പോട്ടുകൾ എന്ന് ഇവ അറിയപ്പെടുന്നു. വെനസ്വേലയിലെ മരാകൈബോ തടാകക്കരയിലാണ് പ്രതിവർഷം ഏറ്റവും കൂടുതൽ മിന്നൽ പതിക്കുന്നത്. വർഷത്തിൽ 300 ദിവസവും ഇവിടെ ഇടിമിന്നലുണ്ട്. ലോകത്തെ ഏറ്റവും പ്രബലമായ ഹോട്‌സ്‌പോട്ടുകളിൽ മൂന്നെണ്ണം തെക്കേ അമേരിക്കയിലും ആറെണ്ണം ആഫ്രിക്കയിലുമാണ്. ആഫ്രിക്കയിൽ കോംഗോ ബേസിൻ മേഖലയാണ് മിന്നലുളുടെ വിഹാരരംഗം. 

മിന്നലെന്ന ഉപകാരി
ഇടിമിന്നൽ ഭൂമിക്ക് ആവശ്യം തന്നെയാണ്. സസ്യങ്ങൾക്ക് വളരെ ആവശ്യമുള്ള നൈട്രജൻ മൂലകത്തെ അന്തരീക്ഷത്തിൽ നിന്നു വലിച്ചെടുക്കാൻ അവയ്ക്കു തനിയെ കഴിയില്ല. എന്നാൽ മിന്നലുകളുണ്ടാക്കുന്ന ഊർജം നൈട്രജനെ നൈട്രജൻ ഡയോക്സൈഡാക്കും. ഇതു വെള്ളത്തിൽ ലയിക്കും.പിന്നീട് മണ്ണിൽ നിന്നു വേരുകൾ ഉപയോഗിച്ച് ഈ നൈട്രജൻ വലിച്ചെടുക്കാൻ സസ്യങ്ങൾക്കു കഴിയും.ഓസോൺ ഉൽപാദനത്തിനും മിന്നലുകൾ വഴിയൊരുക്കും. അന്തരീക്ഷ ശുദ്ധീകരണത്തിലും മിന്നലുകൾ പങ്കുവഹിക്കുന്നുണ്ട്. എന്നാൽ മിന്നലേൽക്കുന്നത് അത്യന്തം അപകടകരമായ കാര്യമാണ്.

English Summary:

Flash Facts: The dangers of lightning strikes and how to avoid them

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com