ADVERTISEMENT

400 വർഷങ്ങൾ പഴക്കമുള്ളൊരു മുഖം പുനസൃഷ്ടിച്ചിരിക്കുകയാണു പോളണ്ടിലെ ഗവേഷകർ. വെറുമൊരു വനിതയല്ല, ജീവിച്ചിരുന്ന കാലത്ത് പ്രേതവനിതയെന്നു മുദ്രകുത്തപ്പെട്ട് മൃതിയടക്കിയ ഒരു വനിതയാണ് ഇത്. സോസിയ എന്ന ഈ വനിതയുടെ മൃതദേഹം കണ്ടെത്തുമ്പോൾ കാലിൽ ഒരു താഴും കഴുത്തിനുസമീപം ഒരു അരിവാളുമുണ്ടായിരുന്നു. അന്നത്തെക്കാലത്ത് പോളണ്ടിൽ പ്രേതവനിതകളെന്നു സംശയിക്കുന്നവരെ സംസ്‌കരിക്കുന്ന രീതിയായിരുന്നു അത്. 

വടക്കൻ പോളണ്ടിലെ പിയനിൽ നിന്നാണ് സോസിയയുടെ മൃതദേഹശേഷിപ്പുകൾ കണ്ടെത്തിയിരുന്നത്. 2022ൽ നിക്കൊളാസ് കോപ്പർനിക്കസ് സർവകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നിൽ. ത്രീഡി പ്രിന്‌റിങ്ങും മറ്റു നൂതന സാങ്കേതികവിദ്യകളും ഉപയോഗിച്ചാണു സോസിയയുടെ മുഖം പുനസൃഷ്ടിച്ചത്.

18 മുതൽ 20 വയസ്സുവരെ പ്രായമുള്ളയാളാകാം സോസിയയെന്നാണ് കരുതപ്പെടുന്നത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന ഈ യുവതിക്ക് ഇടയ്ക്കിടെ ബോധംകെട്ടു വീഴുന്ന അസുഖമുണ്ടായിരുന്നു. കൂടാതെ കടുത്ത തലവേദനയും മാനസിക പ്രശ്‌നങ്ങളും സോസിയയെ വേട്ടയാടിയിരുന്നു.ഇക്കാരണങ്ങളാലാകാം 17ാം നൂറ്റാണ്ടിൽ ഇവിടെ ജീവിച്ചിരുന്നവർ സോസിയ ഒരു പ്രേതവനിതയാണെന്ന് കരുതിയത്.

പിയനിലെ 75ാം നമ്പർ കല്ലറയിലാണ് സോസിയയുടെ ശേഷിപ്പുകൾ കണ്ടെത്തിയത്. പോളണ്ടിലെ വടക്കൻ നഗരമായ ബിഡ്‌ഗോസ്സിനു സമീപമായിരുന്നു ഈ കല്ലറ. സോസിയ ഒരു ധനിക കുടുംബത്തിൽ ജനിച്ച വനിതയാണെന്ന് ഗവേഷകർ പറയുന്നു. പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിൽ യുദ്ധങ്ങൾ തുടരെത്തുടരെ നടന്നിരുന്നു. കലുഷിതമായ ഈ സാഹചര്യങ്ങളാലാണ് നിരവധി അന്ധവിശ്വാസങ്ങൾ അക്കാലത്തെ ആളുകളിലേക്ക് വേരൂന്നിയതെന്ന് ഗവേഷകർ പറയുന്നു.

English Summary:

Unveiled: The Face of Zosia, a 17th-Century "Witch," Reconstructed From Skeletal Remains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com