ആദ്യ അവതാരകനായി മന്ത്രി, ‘കണ്ണേ, കലൈമാനേ’ പാടി ഡോ.കെ.വാസുകി; കുട്ടനാട് എഫ്എം പ്രവർത്തനം തുടങ്ങി
Mail This Article
അമ്പലപ്പുഴ∙ കർഷകർക്കു വേണ്ടി സർക്കാർ ഉടമസ്ഥതയിൽ ആരംഭിച്ച ആദ്യ കമ്യൂണിറ്റി റേഡിയോ ആയ കുട്ടനാട് എഫ്എം 90.0 പ്രവർത്തനം തുടങ്ങി. ആദ്യ പരിപാടിയിൽ അവതാരകനായി മന്ത്രി വി.എസ്.സുനിൽകുമാർ എത്തി. ‘കണ്ണേ, കലൈമാനേ’ എന്ന തമിഴ് പാട്ട് പാടി കൃഷി വകുപ്പ് ഡയറക്ടർ ഡോ.കെ.വാസുകി ശ്രോതാക്കളുടെ മനം കവർന്നു. കളർകോട്ടെ, സംസ്ഥാന വിത്ത് പരിശോധനാ കേന്ദ്രത്തിനോട് ചേർന്നാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കർഷകർക്കുള്ള അറിയിപ്പുകൾ, കൃഷി–മൃഗ സംരക്ഷണം–ക്ഷീര വികസനം എന്നിവ സംബന്ധിച്ച അറിവുകൾ, നാടൻ പാട്ടുകൾ, കൃഷി വിശേഷങ്ങൾ എന്നിവ ശ്രോതാക്കൾക്ക് കേൾക്കാം. രാവിലെ 7 മുതൽ 9 വരെയാണ് പ്രക്ഷേപണം.
സംഗീത സംവിധായകൻ പി.എസ്. വിദ്യാധരൻ ചിട്ടപ്പെടുത്തിയ ശീർഷക ഗാനത്തോടെയാണ് പരിപാടികൾ ദിവസവും ആരംഭിക്കുന്നത്. ലൈവ് സ്റ്റുഡിയോ, റിക്കോർഡിങ് സ്റ്റുഡിയോ എന്നിവയുടെ ഉദ്ഘാടനം മന്ത്രി സുനിൽകുമാർ നിർവഹിച്ചു. കുട്ടനാട് വികസന ഏജൻസി വൈസ് ചെയർമാൻ ജോയിക്കുട്ടി ജോസ്,പുറക്കാട് കരിനില വികസന ഏജൻസി വൈസ് ചെയർമാൻ പി. സുരേന്ദ്രൻ, കൃഷി അഡീഷനൽ ഡയറക്ടർ മധു ജോർജ് മത്തായി, ആത്മ പദ്ധതി ഡയറക്ടർ ലത മേരി ജോർജ്, ഷേർളി ജോസ്, അലിനി എ.ആന്റണി, പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫിസർ ജോർജ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.