ബ്ലിസ്റ്റർ ബീറ്റിൽ: കൂടുതൽ പേർക്കു പൊള്ളൽ, ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആദ്യം

Mail This Article
ആലപ്പുഴ ∙ പൊള്ളിക്കുന്ന സ്രവവുമായി പറന്നെത്തുന്ന ബ്ലിസ്റ്റർ ബീറ്റിൽ എന്ന ചെറു പ്രാണി കൂടുതൽ പേർക്കു പൊള്ളലേൽപ്പിക്കുന്നു. എന്നാൽ, കേരളത്തിൽ സാധാരണയായി കാണപ്പെടുന്ന ജീവി വർഗമാണിതെന്നും ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു. എന്നാൽ, ബ്ലിസ്റ്റർ ബീറ്റിൽ കാരണം കേരളത്തിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണെന്നും ഡോക്ടർമാർ പറയുന്നു.
ആലപ്പുഴയിൽ പത്തോളം പേർക്ക് ഇതിനകം ആസിഡ് ഫ്ലൈ എന്നറിയപ്പെടുന്ന ബ്ലിസ്റ്റർ ബീറ്റിലിന്റെ ആക്രമണമേറ്റിട്ടുണ്ട്. എറണാകുളം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ അയൽ ജില്ലകളിലും ബ്ലിസ്റ്റർ ബീറ്റിലിന്റെ ആക്രമണമുണ്ട്. സാധാരണഗതിയിൽ ഈ പ്രാണി ശരീരത്തിൽ വന്നിരുന്നാൽ പ്രശ്നമുണ്ടാകാറില്ല. ഇവ ശരീരത്തിൽ ഇഴയുമ്പോഴുണ്ടാകുന്ന അസ്വസ്ഥത കാരണം ചൊറിയുകയോ തട്ടിത്തെറിപ്പിക്കാൻ നോക്കുകയോ ചെയ്യുമ്പോഴാണ് ഇവയുടെ ശരീരത്തിൽ നിന്നു ‘കൻഥാറിഡിൻ’ എന്നറിയപ്പെടുന്ന പൊള്ളിക്കുന്ന വിഷവസ്തു സ്രവിക്കപ്പെടുന്നത്.