കലക്ടർ പടിയിറങ്ങുന്നത് നിർധനർക്ക് 4 വീടുകൾ എന്ന ചാരിതാർഥ്യത്തോടെ

Mail This Article
ആലപ്പുഴ∙ കലക്ടർ സ്ഥാനത്തു നിന്നു ഹരിത വി.കുമാർ പടിയിറങ്ങുന്നതു നാലു നിർധന കുടുംബങ്ങൾക്കു വീടു നൽകാനുള്ള നടപടി തുടങ്ങി വച്ച ശേഷം. അടച്ചുറപ്പുള്ള കൂരയില്ലാത്തതിന്റെ ദുരിതങ്ങൾ അറിയിച്ചു കൊണ്ടു നാലു സ്ത്രീകൾ നൽകിയ നിവേദനങ്ങളിലാണു കലക്ടറുടെ ഇടപെടൽ. ഇന്നു ഗുണഭോക്താക്കളെ കലക്ടറുടെ ചേംബറിലേക്കു വിളിച്ചിട്ടുണ്ട്. വീടു നിർമിച്ചു നൽകാമെന്നേറ്റവർ ഇന്നു കലക്ടറുടെ ചേംബറിൽ ഉടമ്പടി ഒപ്പിടും.
മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡിൽ പൊന്നാട് പാടത്തിൽ പി.ഷൈനിമോൾ, മണ്ണഞ്ചേരി പഞ്ചായത്ത് 12–ാം വാർഡിൽ സൗപർണികയിൽ ആർ.രമാഭായ്, ആലപ്പുഴ നഗരസഭ ആലിശേരി വാർഡിൽ നൂർജഹാൻ, ചിങ്ങോലി പഞ്ചായത്ത് അഞ്ചാം വാർഡിൽ അർപ്പിതാഭവനത്തിൽ ലില്ലി മനോജ് എന്നിവരുടെ നിവേദനങ്ങൾ പരിഗണിച്ചാണു കലക്ടർ വീടുകൾ അനുവദിച്ചത്. ഇതിൽ ലില്ലിയുടെ വീട് ജൂലൈയിലുണ്ടായ കാറ്റിലും മഴയിലും പൂർണമായി തകർന്നിരുന്നു. ഇവർക്കു മണ്ണാറശാല ദേവസ്വം വീടു വച്ചു നൽകാമെന്നേറ്റു. റോട്ടറി ക്ലബ് ആലപ്പി ഈസ്റ്റാണ് രമാഭായിക്കും ഷൈനിമോൾക്കും വീടു നിർമിച്ച് നൽകുന്നത്. നൂർജഹാന് റോട്ടറി ക്ലബ് ഓഫ് ആലപ്പി വെസ്റ്റും വീടു നിർമിച്ചു നൽകും.