'അമ്മയുടെ പ്രിയ ഭക്തൻ': ചക്കുളത്തമ്മ ഉണരുന്നതും ഉറങ്ങുന്നതും കെ.ജി. ജയന്റെ ഈണങ്ങളിൽ
Mail This Article
എടത്വ ∙ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയുടെ പുലർച്ചെയുള്ള ഉണർത്തുപാട്ടിനു ഈണം നൽകിയതും ആലപിച്ചതും, ഉറക്കുപാട്ട് ഈണം നൽകിയതും കെ.ജി. ജയൻ ആയിരുന്നു. ചക്കുളത്തുകാവ് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി രചിച്ച ഒട്ടേറെ കീർത്തനങ്ങൾക്കും ജയൻ ഈണവും ആലാപനവും നടത്തിയിട്ടുണ്ട്. വർഷങ്ങളായി ചക്കുളത്തമ്മയുടെ പ്രിയ ഭക്തനും സന്ദർശകനും ആയിരുന്നു. കൂടാതെ നൂറോളം ദേവീ സ്തുതികൾക്ക് സംഗീത സംവിധാനം അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് സംഗീതാർച്ചന നടത്താനും എത്തിയിട്ടുണ്ട്. സംഗീത ലോകത്തെ മികച്ച സംഭാവനയ്ക്ക് 2001 ൽ ചക്കുളത്തമ്മ സ്വരവർഷ പുരസ്കാരം നൽകി ആദരിച്ചിരുന്നു. കെ.ജെ. യേശുദാസ് ആലപിച്ച മലയാളകതമ്മ, ശ്രീചക്കുളത്തു കാവിലമ്മ, എം.ജി ശ്രീകുമാർ ആലപിച്ച കേദാരം, കുങ്കുമം എന്നിവയാണ് പ്രധാന ഭക്തിഗാനങ്ങൾ. മണിക്കുട്ടൻ നമ്പൂതിരി, കെ.ജി ജയൻ, കലവൂർ ബാലൻ, എസ്. രമേശൻ നായർ എന്നിവർ ചേർന്ന് ഒട്ടേറെ ഭക്തി ഗാനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ക്ഷേത്രത്തിന്റെ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.