ADVERTISEMENT

‘വോട്ടു കുത്താൻ നിക്കുമ്പോ, 5 മാസത്തെ പെൻഷൻ കിട്ടാനൊണ്ട്, എങ്ങനെ കുത്തും? കുത്താതിരിക്കും? പിന്നെ, സങ്കടത്തിൽ ആഞ്ഞുകുത്തി...’
ആലപ്പുഴയിലെ തീരദേശമേഖലയിൽ കൃത്യമായ രാഷ്ട്രീയമുള്ള 60 വയസ്സുള്ള  ഒരു കയർത്തൊഴിലാളി മനസ്സു പാതിതുറന്നിട്ടത് ഇങ്ങനെയാണ്. അയാൾ പാർട്ടിക്ക് വോട്ടു കുത്തിയോ, അതോ പ്രതിഷേധത്തിൽ മറിച്ചു കുത്തിയോയെന്നു തെളിച്ചു പറഞ്ഞില്ല. പക്ഷേ, ‘5 മാസത്തെ പെൻഷൻ കിട്ടാനൊണ്ട്’ എന്നു പറഞ്ഞപ്പോൾ അയാളുടെ കണ്ണുകളിൽ രോഷം ഇരച്ചെത്തി; കാരണം കണ്ണടയും വരെ കയർ അവരുടെ ചോറാണ്. അതിൽ ആരാണ് മണ്ണു വാരിയിട്ടതെന്ന് അറിയാമെന്ന സൂചനയായിരിക്കാം ‘ആഞ്ഞുകുത്തി’യെന്ന വാക്ക്. 

ചേർത്തല കരപ്പുറം കയർ സംഘത്തിൽ എഴുപത്തെട്ടാം വയസ്സിലും കയർ ഭൂവസ്ത്രം നെയ്യുന്ന തൊഴിലാളി തങ്കപ്പൻ കയർ മേഖലയിൽ പണിക്കിറങ്ങിയിട്ട് 60 വർഷമായി. ഇപ്പോഴും രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചര വരെ പണിയെടുക്കും. നെയ്ത്തു മാത്രമല്ല, നെയ്തു കൂട്ടിയ ഭൂവസ്ത്ര‌ം അട്ടിയിടാനും ഫാക്ടറിക്കകത്ത് വണ്ടിയുന്താനുമെല്ലാം തങ്കപ്പൻ മുന്നിൽ നിൽക്കും. 71 വയസ്സുള്ള ജനാർദനനും തങ്കപ്പനു തൊട്ടടുത്തുണ്ട്. പതിമൂന്നാം വയസ്സിൽ കയർ പണിക്കിറങ്ങിയതാണ്. കയറിൽ നിന്നു തിരിച്ചു കയറാത്ത ജീവിതങ്ങളാണിവർ; കയർ വിട്ടൊരു ലോകമില്ല, ഇവർക്കാർക്കും. 

49 വർഷം കയർ പിരിച്ചിട്ടും 200 രൂപ ദിവസവരുമാനം ഒപ്പിക്കാൻ പാടുപെടുന്ന നെടുമ്പ്രക്കാട്ടെ ഗീതയെയും, വല്ലായ്മകളെ കൂസാതെ പണിക്കിറങ്ങുന്ന  തങ്കപ്പനെയും ജനാർദനനെയും പോലുള്ള തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമം ലക്ഷ്യമാക്കി 1989ൽ സർക്കാർ രൂപീകരിച്ചതാണ് കയർത്തൊഴിലാളി ക്ഷേമനിധി ബോർഡ്. റാട്ടിനു താളംതെറ്റിയപ്പോൾ ക്ഷേമനിധിക്കും കഴിഞ്ഞ നാലു വർഷമായി ഇടർച്ചയുണ്ടായി.  

തൊഴിലും കൂലിയുമില്ലാത്ത പ്രതിസന്ധിയിൽ ഒരു ലക്ഷത്തിലേറെ വരുന്ന ക്ഷേമനിധി അംഗങ്ങളിൽ പകുതിയോളം പേരേ ക്ഷേമനിധി വിഹിതം അടച്ചിട്ടുള്ളു. പ്രതിമാസം 20 രൂപയാണ് തൊഴിലാളിയുടെ വിഹിതം. ഇതിന്റെ ഇരട്ടിയാണ് സർക്കാർ വിഹിതമായി ക്ഷേമനിധിയിൽ അടയ്ക്കേണ്ടത്. എന്നാൽ 3 വർഷം മുൻപ് ഇറക്കിയ നിയമഭേദഗതിയിലൂടെ സർക്കാർ വിഹിതം 10 രൂപയാക്കി. ചുരുക്കത്തിൽ തൊഴിലാളി വിഹിതത്തിലും സർക്കാർ വിഹിതത്തിലും വന്ന കുറവ് ക്ഷേമനിധി ബോർഡിനെ കടുത്ത പ്രതിസന്ധിയിലാക്കി. ബോർഡിന്റെ വരുമാനം കുറഞ്ഞത് ആനുകൂല്യ വിതരണത്തെ ബാധിച്ചു. 

ക്ഷേമനിധിയിൽ അംഗമായ, 60 വയസ്സ് പൂർത്തിയായി ജോലിയിൽ നിന്നു വിരമിക്കുന്ന തൊഴിലാളിക്ക് നിയമാനുസൃതം നൽകേണ്ട ആനുകൂല്യം 4 വർഷമായി നൽകിയിട്ടില്ല. 2020 ഏപ്രിൽ മുതൽ  ഈആനുകൂല്യം കുടിശികയാണ്. കഴിഞ്ഞ ജൂൺ വരെ 27,764 കയർത്തൊഴിലാളികൾക്കാണ് വിരമിക്കൽ ആനുകൂല്യം ലഭിക്കാത്തത്. 25.45 കോടി രൂപ ഈയിനത്തിൽ സംസ്ഥാന സർക്കാർ വിരമിച്ച തൊഴിലാളികൾക്ക് നൽകാനുണ്ട്. 

കയർ തൊഴിലാളികളുടെ അവശത പെൻഷൻ 1989ൽ ആരംഭിച്ചതാണ്. ക്ഷേമനിധിയിൽ അംഗമായ തൊഴിലാളിക്ക് സ്ഥിരമായ ശാരീരിക അവശതയുണ്ടായാൽ തൊട്ടടുത്ത മാസം മുതൽ പെൻഷൻ നൽകാനുള്ള പദ്ധതിയാണിത്. 33 വർഷം നടപ്പായ പദ്ധതി ഒരു സർക്കാർ ഉത്തരവിലൂടെ 2022 സെപ്റ്റംബർ മുതൽ ധനകാര്യ വകുപ്പ് നിർത്തലാക്കി. പെൻഷൻ ലഭിച്ചു വന്ന അവശത അനുഭവിക്കുന്ന 1044 കയർത്തൊഴിലാളികളുടെ കണ്ണിൽ ഇരുട്ടുവീഴ്ത്തിയ ഈ നടപടിയും ആരും ഇതുവരെ തിരുത്തിയിട്ടില്ല. ഇതെല്ലാം നിലനിൽക്കെ കയർമേഖലയുടെ രോഷങ്ങൾ തിരിച്ചടിച്ചത് വോട്ടിങ് യന്ത്രത്തിലാണെന്ന വിലയിരുത്തലിന് കനം കൂടിവരുന്നുമുണ്ട്. 

തിരഞ്ഞെടുപ്പ് വന്നത് എത്ര നന്നായി !
ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം വരുമ്പോൾ കയർത്തൊഴിലാളിക്ക് കിട്ടാനുള്ളത് 8 മാസത്തെ ക്ഷേമ പെൻഷനാണ്.  പ്രതിമാസം 1600 രൂപ വച്ച് 8 മാസത്തെ കുടിശികയിനത്തിൽ സർക്കാർ തരാനുള്ളത് 12800 രൂപ. ഇലക്‌ഷൻ പ്രചാരണം നടക്കുമ്പോൾ തന്നെ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിയോടെ ഇതിൽ 3 മാസത്തെ പെൻഷൻ 2 ഘട്ടമായി കൊടുത്തു തീർത്തു. തിരഞ്ഞെടുപ്പു കാലത്തെ പ്രീണനമോ, ഭയപ്പാടോ  എന്തുമാകട്ടെ 4800 രൂപ കയ്യിൽ കിട്ടി. 8000 രൂപ പെൻഷൻ കുടിശികയായി ഇപ്പോഴും തുടരുന്നു.

കയർത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ 
∙ വിവാഹ ധനസഹായം           (2000 രൂപ)  
∙ പ്രസവാനുകൂല്യം             (15000 രൂപ)
∙ ചികിത്സാ സഹായം         (1000 രൂപ)
∙ അപകടമരണം                (10000)
∙ ശവസംസ്കാര ധനസഹായം          (1000) 
∙ വിദ്യാഭ്യാസ ധനസഹായം      (750 മുതൽ 3000 രൂപ വരെ) 
∙ സ്ഥിരമായി ശാരീരിക അവശതയുണ്ടായാൽ ധനസഹായം  (2500 രൂപ)
∙ കയർ തൊഴിലാളി പെൻഷൻ      (1600)
∙ കുടുംബപെൻഷൻ     (1000) 
∙ വിരമിക്കൽ ആനുകൂല്യം  (അംഗത്വ കാലാവധി കണക്കാക്കി 500 മുതൽ 15000 വരെ) 

മൂലധനത്തിന് നന്ദി, കയറുണ്ടാക്കാൻ ഞങ്ങളില്ല
കയർ സംഘങ്ങളുടെയും തൊഴിലാളി യൂണിയനുകളുടെയും ഏറെക്കാലത്തെ മുറിവിളിക്കൊടുവിൽ  2023- 24 വർഷത്തിൽ 483 കയർ സഹകരണ സംഘങ്ങൾക്ക് സർക്കാർ പ്രവർത്തന മൂലധനമായി 50000 രൂപ മുതൽ 2 ലക്ഷം രൂപ വരെ അനുവദിച്ചു. കയർ ഉൽപാദനത്തിന് ആനുപാതികമായിരുന്നു തുകയുടെ വിതരണം.  പ്രവർത്തന മൂലധനം വാങ്ങിയ 43 കയർ സംഘങ്ങൾ ഒരു പിടിക്കയർ പോലും ഇതുവരെ ഉൽപാദിപ്പിച്ചിട്ടില്ല ! മൂലധനം വാങ്ങി പോക്കറ്റിലിട്ടവർ സംഘത്തിന്റെ ഷട്ടർ പോലും തുറന്നില്ലെന്നു സാരം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com