അയ്യനു കുരുത്തോല അലങ്കാരം മാവേലിക്കരയിൽ നിന്ന്

Mail This Article
ആലപ്പുഴ∙ മകരവിളക്കിന് അയ്യപ്പനു കുരുത്തോലയിൽ അലങ്കാരം ഒരുക്കിയതു മാവേലിക്കരയുടെ ഓലക്കിളി സംഘം. ശബരിമലയിൽ മുൻപ് അലങ്കാരം ചെയ്തിട്ടുണ്ടെങ്കിലും പൂർണമായും കുരുത്തോല അലങ്കാരം നടത്തുന്നത് ഇതാദ്യമായാണ്. മാവേലിക്കരയിലെ ഒരുകൂട്ടം കലാകാരൻമാരുടെ സംഘമാണ് ഓലക്കിളി. മാവേലിക്കരയിലെ അയ്യൻകോവിൽ ക്ഷേത്രത്തിൽ കുരുത്തോല അലങ്കാരം നടത്തിയാണു സംഘത്തിന്റെ തുടക്കം. സ്വന്തം ക്ഷേത്രത്തിൽ നടത്തുന്ന അലങ്കാരം ശ്രദ്ധ പിടിച്ചതോടെ സമീപത്തെ ക്ഷേത്രത്തിൽ നിന്നും ക്ഷണം ലഭിക്കുകയായിരുന്നു.

തുടർന്നു വിവിധ ക്ഷേത്രങ്ങളിൽ അലങ്കാരപ്പണികൾ നടത്തി. കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിൽ നടത്തിയ അലങ്കാരപ്പണികളും കുരുത്തോലയിൽ തീർത്ത മഹാദേവ രൂപവും ശ്രദ്ധിക്കപ്പെട്ടതോടെ ദേവസ്വം അധികൃതരാണു ശബരിമലയിലേക്കു ക്ഷണിച്ചത്. മകരവിളക്കിനു സന്നിധാനത്തു ചുറ്റമ്പലം പൂർണമായും കുരുത്തോല അലങ്കാരം നടത്തി. ശാസ്താവ്, ഗണപതി, പുലി, നാഗം, മയിൽ തുടങ്ങിയ രൂപങ്ങളും സജ്ജമാക്കി.
17 കലാകാരൻമാർ 13നു രാവിലെ 5.30നു തുടങ്ങിയ അലങ്കാരം മകരവിളക്ക് ദിവസമായ 14നു രാവിലെ 8നാണു പൂർത്തിയായത്. 160 മടൽ കുരുത്തോലയാണ് അലങ്കാരത്തിനായി ഉപയോഗിച്ചത്. ശാസ്താവ് രൂപം ഒരുക്കാൻ മാത്രം മൂന്നു പേർ 6 മണിക്കൂർ ജോലി ചെയ്തു.
മാവേലിക്കര പടിഞ്ഞാറേമുട്ടത്ത് വീട്ടിൽ വി.ശ്രീജിത്താണ് ഓലക്കിളിയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. കുരുത്തോല അലങ്കാരത്തിനു പുറമേ നാടൻപാട്ട് കലാകാരന്മാർ കൂടിയാണ് ഓലക്കിളി അംഗങ്ങൾ. ഇതിൽ രണ്ടു പേർക്ക് ഈ വർഷം ഫോക്‌ലോർ അക്കാദമിയുടെ പുരസ്കാരം ലഭിച്ചിരുന്നു. ശ്രീജിത്തിനു മുൻപു കലാനിർമാണത്തിനുള്ള ഫോക്‌ലോർ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. മറ്റു ജോലികൾ ചെയ്യുന്നതിന്റെ ഇടയിൽ സമയം കണ്ടെത്തിയാണു കുരുത്തോല അലങ്കാരം ചെയ്യുന്നത്.