കരതൊടാൻ കയർമേഖല; ബജറ്റിലെ സഹായം വിലസ്ഥിരതാ ഫണ്ടിൽ ഒതുങ്ങുന്നു, പരിഹാരമില്ലാതെ ഒട്ടേറെ പ്രശ്നങ്ങൾ

Mail This Article
ആലപ്പുഴ∙ ഏതാനും വർഷങ്ങളായി കയർ മേഖലയ്ക്കു ബജറ്റിൽ പ്രാതിനിധ്യമുണ്ട്– വിലസ്ഥിരതാ ഫണ്ട്. ഓരോ വർഷവും തുകയിൽ ചെറിയ മാറ്റം ഉണ്ടാകുമെങ്കിലും വകയിരുത്തുന്നുണ്ട്. എന്നാൽ കയർത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെ മറ്റു പ്രശ്നങ്ങൾക്കു ബജറ്റുകളിൽ പരിഹാരമില്ല. ഇത്തവണയെങ്കിലും പരമ്പരാഗത കയർത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ബജറ്റിൽ ഉണ്ടാകുമോയെന്നാണു ചോദ്യം. തൊഴിൽ വകുപ്പ് വഴി പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് 1250 രൂപ നിരക്കിൽ ധനസഹായം നൽകുന്ന പദ്ധതിക്കു കഴിഞ്ഞ ബജറ്റിൽ 90 കോടി രൂപ അനുവദിച്ചിരുന്നു. അതിൽ നിന്നൊരു വിഹിതം കയർ മേഖലയ്ക്കു ലഭിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ആർക്കും പണം ലഭിച്ചിട്ടില്ല.
കയർ വിറ്റിട്ടും പണം ലഭിക്കാത്ത സംഘങ്ങൾക്ക് അൽപം ആശ്വാസം പകരുന്നതാണു വിലസ്ഥിരതാ ഫണ്ട്. കയർപിരി സംഘങ്ങളിൽ നിന്നു കയർഫെഡ് വഴി സംഭരിക്കുന്ന കയറിന്റെ വില നൽകാനാണ് ഈ തുക ഉപയോഗിക്കുക. കയർ നൽകി മാസങ്ങളായിട്ടും പണം കിട്ടാതെ വരുന്നതു സംഘങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. കയറിനു സർക്കാർ നിശ്ചയിച്ച വില ഉറപ്പു വരുത്തുന്നുണ്ടെങ്കിലും പണം യഥാസമയം നൽകാത്ത പ്രശ്നം തുടരുന്നു. കയർ ഉൽപാദനം ആധുനികീകരിക്കാൻ പദ്ധതികൾ പലതും പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും ലക്ഷ്യം പൂർണമായിട്ടില്ല. ചകിരി ആവശ്യാനുസരണം ലഭ്യമാക്കാനുള്ള പദ്ധതികളും സർക്കാർ നടപ്പാക്കുന്നില്ല
ശക്തമാകണം കയറ്റുമതി
സംസ്ഥാനത്തു നിന്നു കയറ്റുമതി ചെയ്യുന്ന കയർ ഉൽപന്നങ്ങൾ 95 ശതമാനവും സ്വകാര്യ മേഖലയിൽ നിന്നാണ്.കയർ കോർപറേഷൻ വാൾമാർട്ടുമായി ധാരണയിലെത്തിയതു പുതിയൊരു ചുവടുവയ്പാണ്. പൊതുമേഖലയും കയറ്റുമതി രംഗത്തു ശക്തമായാലേ കയർത്തൊഴിലാളികളുടെ കഷ്ടപ്പാടിനു ശാശ്വത പരിഹാരമാകൂവെന്നു സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ബജറ്റിൽ പ്രതീക്ഷിക്കുന്നത്:
∙ വിലസ്ഥിരതാ ഫണ്ടിലേക്ക് നല്ലൊരു വിഹിതം.
∙ കയർ മേഖലയിലെ ഗവേഷണങ്ങൾക്ക് ധനസഹായം
∙ കയർത്തൊഴിലാളി ക്ഷേമനിധി ബോർഡ് ശക്തമാക്കാൻ ധനസഹായം
∙ ചകിരി ലഭ്യത ഉറപ്പാക്കാൻ പദ്ധതി
∙ വിദേശ വിപണി കണ്ടെത്താൻ പൊതുമേഖലാ സ്ഥാപനങ്ങൾക്കു ധനസഹായം.