ADVERTISEMENT

ആലപ്പുഴ‌ ∙ ജില്ലയിൽ തുടർച്ചയായ ദിവസങ്ങളിൽ അന്തരീക്ഷ താപനില 37 ഡിഗ്രി കടന്നു. വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ചേർന്നു നടപടികൾ വിലയിരുത്തി.  കായലും കടലുമുള്ളതിനാൽ ജില്ലയുടെ അന്തരീക്ഷത്തിൽ എപ്പോഴും ഈർപ്പമുണ്ട്. ഇതുകാരണം താപമാപിനിയിൽ രേഖപ്പെടുത്തുന്നതിനെക്കാൾ രണ്ടു ഡിഗ്രിയിലധികം ചൂട് കൂടുതലാണു ശരീരത്തിൽ അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ചൂട് ഉയർന്നു നിൽക്കാനാണു സാധ്യതയെന്നാണു കാലാവസ്ഥ വിദഗ്ധർ പറയുന്നത്. 

ചൂട് ഉയരുന്നതിനൊപ്പം സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് വികിരണങ്ങളുടെ തോതും കൂടുന്നുണ്ട്. സൂര്യാതപമുൾപ്പെടെ ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെയുള്ള സമയത്തു വെയിൽ കൊള്ളരുതെന്നു ദുരന്ത നിവാരണ വകുപ്പ് നേരത്തെ മുന്നറിയിപ്പ് ഇറക്കിയിരുന്നു. ചൂട് ഉയരുന്ന സാഹചര്യത്തിൽ എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്നു കലക്ടർ അലക്സ് വർഗീസ് പറഞ്ഞു. 

അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വേനൽ കനക്കുന്ന സാഹചര്യത്തിൽ ശുദ്ധജലക്ഷാമം ഉള്ള പഞ്ചായത്തുകളിൽ അടിയന്തരമായി ജലവിതരണം നടത്താൻ നിർദേശം നൽകി. ഇതുസംബന്ധിച്ചു പഞ്ചായത്തുകൾക്കു പണം ചെലവഴിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്.കവലകൾ, ബസ് സ്റ്റാൻഡ്, ഓഫിസുകൾ, കടകൾ എന്നിവിടങ്ങളിൽ ശുദ്ധജലത്തിനായി തണ്ണീർപന്തലുകൾ സ്ഥാപിക്കുക സ്കൂളുകളിൽ കുട്ടികളെ വെയിലത്തു നിർത്തിയുള്ള അസംബ്ലികൾ, ഘോഷയാത്രകൾ തുടങ്ങിയവ ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങൾ നൽകി. ദുരന്ത നിവാരണ അതോറിറ്റി ഡപ്യൂട്ടി കലക്ടർ സി.പ്രേംജി പ്രസംഗിച്ചു.

തീപിടിത്തം
ചൂട് ഉയരുന്നതിനൊപ്പം തന്നെ വയലുകൾ, പുല്ലുനിറഞ്ഞ പറമ്പുകൾ, മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന തുറസ്സായ സ്ഥലങ്ങളിലുണ്ടാകുന്ന തീപിടിത്തങ്ങളും കൂടിയിട്ടുള്ളതിനാൽ ജാഗ്രത വേണം.

ബോധവൽക്കരണം
ചൂട് മൂലമുള്ള അപകട സാധ്യതകളെക്കുറിച്ചും സുരക്ഷിതമായ രീതികളെക്കുറിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണം. വൃക്ഷങ്ങളും തണലും ഉള്ള പൊതുസ്ഥലങ്ങൾ, പാർക്കുകൾ തുടങ്ങിയവ വിശ്രമത്തിനായി പൊതുജനങ്ങൾക്കു രൂക്ഷമായ ചൂട് അനുഭവപ്പെടുന്ന 11 മണി മുതൽ 3 മണി വരെ തുറന്ന് കൊടുക്കണം. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ സർവൈലൻസ് ടീമിനെ ഉണ്ടാക്കുകയും ചൂട് കൂടുതൽ ബാധിക്കാനിടയുള്ള വിഭാഗങ്ങളെ കേന്ദ്രീകരിച്ചു പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും വേണം.

English Summary:

Alappuzha heatwave intensifies, prompting emergency measures. The District Disaster Management Authority is implementing measures to combat water scarcity, prevent sunstroke, and address the increased fire risk.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com