ബാലികയെ 3 വർഷം പീഡിപ്പിച്ച പ്രതിക്ക് 110 വർഷം തടവ്

Mail This Article
ചേർത്തല∙ നാലുവയസ്സുകാരിയെ 3 വർഷം നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതിക്ക് 110 വർഷം തടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മാരാരിക്കുളം തെക്ക് പൊള്ളെത്തൈ ആച്ചമത്ത്‌വെളി വീട്ടിൽ രമണനെ(62)യാണു ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) വിവിധ വകുപ്പുകളിലായി ഇത്രയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 3 വർഷം കൂടി ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതിനാൽ ആകെ 20 വർഷം ജയിലിൽ കഴിഞ്ഞാൽ മതി.
2019ൽ കുട്ടിക്കു നാലു വയസ്സുള്ളപ്പോൾ തുടങ്ങിയ പീഡനം പുറത്തറിഞ്ഞത് 2021ലാണ്. പേടി മൂലം കുട്ടി ഒന്നും പുറത്തു പറഞ്ഞിരുന്നില്ല. സംശയം തോന്നി കുട്ടിയുടെ അമ്മൂമ്മയാണു പൊലീസിലും ചൈൽഡ്‌ലൈനിലും വിവരം അറിയിച്ചത്. കുട്ടിയെ ഉപദ്രവിക്കുന്നത് അറിഞ്ഞിട്ടും മറച്ചുവച്ച പ്രതിയുടെ ഭാര്യയും കേസിൽ പ്രതിയാണ്. എന്നാൽ വിചാരണ സമയത്ത് ഇവർ കിടപ്പിലായതിനാൽ ഇവർക്കെതിരെയുള്ള കേസ് പ്രത്യേകമായി പരിഗണിക്കുകയാണ്. ഇതിന്റെ വിചാരണ പൂർത്തിയായിട്ടില്ല. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബീനാ കാർത്തികേയൻ, വി.എൽ.ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.