കാവാലം– തട്ടാശേരി പാലത്തിന് 60.03 കോടി രൂപ; അന്തിമാനുമതി

Mail This Article
കുട്ടനാട്∙ കാവാലം– തട്ടാശേരി പാലം നിർമാണത്തിനു കിഫ്ബി 60.03 കോടി രൂപയുടെ അന്തിമ സാമ്പത്തിക അനുമതി നൽകി.സാങ്കേതികാനുമതി കൂടി ലഭിച്ചാൽ നിർമാണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡിനു ടെൻഡർ നടപടിയിലേക്കു കടക്കാം. ഒരു മാസത്തിനുള്ളിൽ ടെൻഡർ നടപടി പൂർത്തിയായേക്കും. മഴ സീസണു ശേഷം നിർമാണം ആരംഭിക്കാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ ഇടക്കാല ബജറ്റിൽ 30 കോടി രൂപയാണു കാവാലം പാലത്തിന് അനുവദിച്ചത്. പാലത്തിനൊപ്പം ബജറ്റിൽ ഇടം നേടിയ പടഹാരം പാലം നിർമാണം പൂർത്തിയായി. കാവാലം–തട്ടാശേരി പാലം നിർമാണത്തിന് ദേശീയ ജലപാത ചട്ടം അടക്കമുള്ള ഒട്ടനവധി തടസ്സങ്ങളാണുണ്ടായത്. ദേശീയ ജലപാത ചട്ടം നിയമം മറികടക്കാൻ രൂപരേഖയിൽ മാറ്റം വരുത്തി തുക 52 കോടി രൂപയായി വർധിപ്പിച്ചു.
110 സെന്റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. 2023 ജനുവരി 17നു ചേർന്ന യോഗത്തിൽ ഭൂമി വിട്ടു നൽകുന്നതിന് മുഴുവൻ ഭൂഉടമകളും സമ്മതിക്കുകയും തൊട്ടടുത്ത ദിവസം സമ്മതപത്രം ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. 2023 മാർച്ചിന് മുമ്പായി തന്നെ ഭൂമിയുടെ വില സർക്കാരിൽ നിന്ന് ഉടമകൾക്കു ലഭ്യമാക്കി. എന്നാൽ ചില സർവേ നമ്പരുകളിലുണ്ടായ പിശക് വീണ്ടും തടസ്സമായി. നിർമാണം നീണ്ടതോടെ കാവാലം പാലം സമ്പാദക സമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങി.
പടഹാരം പാലത്തിന്റെ സമാനമായ രീതിയിൽ 400 മീറ്റർ നീളത്തിലും 8.5 മീറ്റർ വീതിയിലുമാണു കാവാലം–തട്ടാശേരി പാലവും നിർമിക്കുന്നത്. ടവർ മാതൃകയിൽ 45 മീറ്ററിന്റെ 4 സ്പാനുകളും ഇരുവശത്തും 35 നീളത്തിൽ 2 വീതം സ്പാനുകളുമാണു വെള്ളത്തിൽ നിർമിക്കുന്നത്. ശേഷിച്ച സ്പാനുകളും തൂണുകളും കരയിലാകും. കാവാലം പാലം യാഥാർഥ്യമാകുന്നതോടെ കുട്ടനാട്ടിലെ വടക്കൻ മേഖലയിലെ യാത്രാ ദുരിതത്തിനു പരിഹാരമാകും.
വൈശ്യംഭാഗം, മങ്കൊമ്പ് സിവിൽ സ്‌റ്റേഷൻ, ചമ്പക്കുളം, പടഹാരം പാലങ്ങൾക്ക് ഒപ്പം കാവാലം പാലം കൂടി പൂർത്തിയാകുമ്പോൾ ദേശീയപാത, എംസി റോഡ്, ആലപ്പുഴ– കോട്ടയം മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലേക്കു വേഗത്തിൽ കുട്ടനാട്ടുകാർക്ക് എത്തിച്ചേരാൻ സാധിക്കും. ദൂരം കുറയുന്നതോടൊപ്പം ടൂറിസം, കാർഷിക സർക്യൂട്ടുകൾ യാഥാർഥ്യമാകുമെന്നും ഇതിനായുള്ള പദ്ധതി രേഖ സർക്കാരിനു കൈമാറിയതായും സമയബന്ധിതമായി ടെൻഡർ നടപടികൾ പൂർത്തിയാക്കി പാലം നിർമാണം ആരംഭിക്കുന്നതിനു കർശന നിർദേശം കേരള റോഡ് ഫണ്ട് ബോർഡിന് നൽകിയതായി തോമസ് കെ.തോമസ് എംഎൽഎ പറഞ്ഞു.