നിർമാണ സൈറ്റുകളിലെ കുഴൽക്കിണറുകൾ ബെംഗളൂരു ജല അതോറിറ്റി ഏറ്റെടുത്തു

Mail This Article
ബെംഗളൂരു ∙ കടുത്ത ജലക്ഷാമത്തിനിടെ നഗരത്തിൽ 20,000 ചതുരശ്രയടിയിൽ കൂടുതലുള്ള നിർമാണ സൈറ്റുകളിലെ കുഴൽക്കിണറുകൾ ബെംഗളൂരു ജല അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി) ഏറ്റെടുത്തു. കെട്ടിട നിർമാണങ്ങൾക്ക് ശുദ്ധജലം ഉപയോഗിക്കുന്നതിന് നേരത്തേ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പകരം ശുദ്ധീകരിച്ച മലിനജലം ഉപയോഗിക്കണം.
ബെംഗളൂരു ജലഅതോറിറ്റിയുടെ മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽ നിന്നുള്ള ജലം ഇതിനായി എത്തിക്കാൻ കെട്ടിട നിർമാതാക്കളുമായി നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. 1300 ദശലക്ഷം ലീറ്റർ മലിനജലമാണ് ബിഡബ്ല്യുഎസ്എസ്ബി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളിൽ ശുചീകരിക്കുന്നത്. ഈ ജലം വാണിജ്യ ആവശ്യങ്ങൾക്കായി ബിഡബ്ല്യുഎസ്എസ്ബി നേരിട്ടാണ് ടാങ്കറുകൾ വഴി വിൽപന നടത്തുന്നത്.
പ്രതിസന്ധിയിൽ പിജികൾ
ജലക്ഷാമം നഗരത്തിലെ പെയിങ് ഗസ്റ്റ് (പിജി) സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കുന്നു. കുഴൽകിണറുകളെയും ശുദ്ധജല ടാങ്കറുകളെയുമാണ് പിജികൾ പ്രധാനമായി ആശ്രയിക്കുന്നത്. കുഴൽകിണറുകൾ വറ്റിയതോടെ പൂർണമായി ടാങ്കറുകളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്.
ജലപര്യാപ്ത നഗരമാക്കും
ഭൂഗർഭജലവിതാനം അനുദിനം കുറയുന്ന സാഹചര്യത്തിൽ ജലപര്യാപ്ത നഗരമാക്കി മാറ്റാനുള്ള കർമപദ്ധതിയുമായി ബെംഗളൂരു ജലഅതോറിറ്റി (ബിഡബ്ലുഎസ്എസ്ബി). ജലസംരക്ഷണ മാർഗങ്ങളിലൂടെ ജൂലൈ 1 മുതൽ പദ്ധതി നടപ്പിലാക്കുമെന്ന് ബിഡബ്ലുഎസ്എസ്ബി ചെയർമാൻ രാം പ്രശാന്ത് മനോഹർ പറഞ്ഞു.