കാഴ്ചവസ്തുവോ ശുദ്ധജല പ്ലാന്റ്; 1145 ശുദ്ധജല പ്ലാന്റുകളിൽ 208 എണ്ണം പ്രവർത്തനരഹിതം

Mail This Article
ബെംഗളൂരു∙ ജലക്ഷാമം രൂക്ഷമായതിനു പിന്നാലെ നഗരപരിധിയിലെ ശുദ്ധജല പ്ലാന്റുകളുടെ (ആർഒ പ്ലാന്റുകൾ) പ്രവർത്തനം നിലച്ചതു സാധാരണക്കാരെ ദുരിതത്തിലാക്കി. ബിബിഎംപി പരിധിയിലെ 1145 ആർഒ പ്ലാന്റുകളിൽ 208 എണ്ണം പ്രവർത്തനരഹിതമാണ്. ബാക്കിയുള്ളവയിൽ പകുതിയും പ്രവൃത്തിസമയം വെട്ടിക്കുറച്ചു. കുഴൽക്കിണറുകൾ വറ്റിയതിനാൽ ഈസ്റ്റ് സോണിൽ മാത്രം 54 എണ്ണം അടച്ചുപൂട്ടി.
നഗരത്തിലെ ആർഒ പ്ലാന്റുകളിൽ ഭൂരിഭാഗവും കുഴൽക്കിണറുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. കുഴൽക്കിണറുകൾ വറ്റിയ ഇടങ്ങളിൽ ടാങ്കറുകളിൽ വെള്ളം എത്തിച്ച് പ്ലാന്റുകൾ പ്രവർത്തിപ്പിക്കാമെന്ന് ബിബിഎംപി നൽകിയ ഉറപ്പും പാഴ്‌വാക്കായി. എംപി, എംഎൽഎ, സന്നദ്ധ സംഘടനകൾ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്ലാന്റുകളിലെ ജലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിലും 20 ലീറ്റർ ജാറിന് 5–10 രൂപവരെയാണ് ഇവിടങ്ങളിൽ ഈടാക്കുന്നത്.
കൊള്ള വില തുടർന്ന് ടാങ്കറുകൾ
ജലക്ഷാമം രൂക്ഷമായതോടെ കൊള്ള വില ഈടാക്കുന്ന ടാങ്കറുകളെ നിയന്ത്രിക്കാനുള്ള ബിബിഎംപി നടപടികൾ ഫലം കാണുന്നില്ല. ജലവിതരണത്തിന് ടാങ്കർ ലോറികൾക്ക് കൃത്യമായ നിരക്ക് ബിബിഎംപി നിശ്ചയിച്ചെങ്കിലും ഇത് പാലിച്ച് ഓടാൻ സാധിക്കില്ലെന്നാണ് ജലവിതരണ ഏജൻസികളുടെ നിലപാട്. 5 കിലോമീറ്റർ പരിധിയിൽ 6000 ലീറ്റർ ജലം കൊള്ളുന്ന ടാങ്കറിന് 600 രൂപയും 8000 ലീറ്ററിന് 700 രൂപയും 12,000 ലീറ്ററിന് 1200 രൂപയുമാണ് ബെംഗളൂരു ജല അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി) നിശ്ചയിച്ചിരിക്കുന്നത്. പിന്നീടുള്ള ഓരോ കിലോമീറ്ററിന് 50 രൂപ അധികമായി ഈടാക്കാം. 10–15കിലോമീറ്റർ വരെ ദൂരം സഞ്ചരിച്ചാണ് ടാങ്കറുകളിൽ ജലം ശേഖരിക്കുന്നതെന്നും സർക്കാർ നിരക്കിൽ നഷ്ടം സഹിച്ച് ഓടാൻ കഴിയില്ലെന്നുമാണ് ഏജൻസികളുടെ വാദം.