റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി ഫെയ്മ; അവധി യാത്രയ്ക്ക് സ്പെഷൽ വേണം

Mail This Article
ചെന്നൈ ∙ വേനലവധിക്കാലത്ത് ചെന്നൈയിൽനിന്നു കേരളത്തിലേക്കു സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഫെയ്മ നിവേദനം നൽകി. പാലക്കാട് വഴി തിരുവനന്തപുരത്തേക്കും മംഗളൂരുവിലേക്കുമുള്ള ട്രെയിനുകളിൽ വരും ദിവസങ്ങളിൽ ടിക്കറ്റ് തീർന്നു. പ്രായമായവരും സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ടിക്കറ്റ് കിട്ടാതെ വലയുകയാണ്. വരുന്ന റമസാൻ, വിഷു, ഈസ്റ്റർ ദിനങ്ങളോടനുബന്ധിച്ച് ഒട്ടേറെ പേർ നാട്ടിലേക്കു പോകാൻ തയാറെടുക്കുകയാണ്. ഈ സാഹചര്യത്തിൽ, സ്പെഷൽ ട്രെയിൻ എത്രയും വേഗം പ്രഖ്യാപിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
പോത്തന്നൂർ സ്പെഷൽ 28ന്
ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് പോത്തന്നൂരിലേക്കുള്ള സ്പെഷൽ ട്രെയിൻ പുറപ്പെടുന്ന തീയതിയിൽ മാറ്റം. 28നു രാത്രി 11.50നു ചെന്നൈ സെൻട്രലിൽനിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 9ന് പോത്തന്നൂരിലെത്തും. 30നു പുറപ്പെടുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. റിസർവേഷൻ ഇന്ന് രാവിലെ 8ന് ആരംഭിക്കും. കേരളത്തിലേക്കു നിലവിൽ റമസാൻ സ്പെഷൽ പ്രഖ്യാപിക്കാത്തതിനാൽ നേരിയ ആശ്വാസമാണ് ഈ സ്പെഷൽ ട്രെയിൻ. പതിവു ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് പോത്തന്നൂരിൽ നിന്നു കെഎസ്ആർടിസിയിലും മറ്റും കേരളത്തിലേക്കു തുടർയാത്ര നടത്താമെന്നതാണ് ആശ്വാസം.