കാനിലും കുപ്പിയിലും ലഭിക്കുന്ന ജലം സ്വന്തമായും പരിശോധിക്കണം: കുടിക്കും മുൻപേ കരുതലെടുക്കാം

Mail This Article
ചെന്നൈ ∙ വേനൽ കടുത്തതോടെ, പ്ലാസ്റ്റിക് കാനിലും കുപ്പിയിലും ലഭിക്കുന്ന ജലത്തിന്റെ ഗുണനിലവാരം സ്വയം പരിശോധിച്ച് ഉറപ്പാക്കണമെന്നു നഗരവാസികൾക്കു ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പു നൽകി. കാനിൽ പതിച്ചിട്ടുള്ള ലൈസൻസ് അടക്കമുള്ള വിവരങ്ങൾ, കാനിന്റെ വൃത്തി തുടങ്ങിയ കാര്യങ്ങളാണ് സ്വയം പരിശോധിക്കേണ്ടത്.
കഴിഞ്ഞ വേനൽക്കാലത്ത് നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത കാൻ വെള്ളവും ശീതള പാനീയങ്ങളും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പിടിച്ചെടുത്തിരുന്നു. തുടർന്ന്, മാനദണ്ഡങ്ങൾ ലംഘിച്ചു പ്രവർത്തിച്ച വിവിധ കമ്പനികളുടെ പ്ലാന്റുകൾ പൂട്ടിക്കുകയും ചെയ്തിരുന്നു.
കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്
കാനിൽ ലഭിക്കുന്ന വെള്ളം തെളിമയുള്ളതാണെന്ന് ആദ്യമേ ഉറപ്പാക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. വെള്ളം പുറമേനിന്ന് 80 ശതമാനമെങ്കിലും തെളിമയോടെ കാണാൻ സാധിക്കണം. കൂടാതെ, കാനിന്റെ അകം വൃത്തിയാണെന്നതും ഉറപ്പാക്കണം. ഒട്ടേറെ തവണ ഉപയോഗിച്ചതു കാരണമുള്ള പാടുകളില്ലെന്നതും ഉറപ്പു വരുത്തണം. തുടർച്ചയായി ഉപയോഗിച്ചതിനെ തുടർന്നുണ്ടാകുന്ന പാടുകൾ വെള്ളം മലിനമാകാൻ കാരണമാകുമെന്നും അത് ആരോഗ്യപ്രശ്നങ്ങൾക്കു വഴിവയ്ക്കുമെന്നും അധികൃതർ പറഞ്ഞു.
കാനുകളിൽ എഫ്എസ്എസ്എഐ ലൈസൻസ് വിവരങ്ങളുണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ ഉപയോഗിക്കാൻ പാടുള്ളൂ. കാൻ വെള്ളം തയാറാക്കിയ ദിവസം, എത്ര ദിവസം വരെ ഉപയോഗിക്കാം തുടങ്ങിയവയും ശ്രദ്ധിക്കണം. പരമാവധി 6 മാസം വരെയാണ് വെള്ളത്തിന്റെ കാലാവധി.ഒരു കാൻ പരമാവധി 50 തവണയേ ഉപയോഗിക്കാൻ പാടുള്ളൂവെന്നു കമ്പനികൾക്കു നിർദേശം നൽകിയതായും അധികൃതർ അറിയിച്ചു. കാൻ നന്നായി മൂടിയിരിക്കണമെന്നതും നിർബന്ധമാണ്.
വ്യാപക പരിശോധനയ്ക്ക് എഫ്എസ്എസ്എഐ
ശുദ്ധജല വിൽപനയിൽ ക്രമക്കേട് കാണിച്ച ഒട്ടേറെ സ്ഥാപനങ്ങൾക്കെതിരെ കഴിഞ്ഞ വർഷം നടപടിയെടുത്തതിന്റെ പശ്ചാത്തലത്തിൽ, ഈ വർഷവും വ്യാപക പരിശോധനയ്ക്ക് ഒരുങ്ങുകയാണ് എഫ്എസ്എസ്എഐ. നഗരത്തിലും പരിസരങ്ങളിലുമുള്ള എല്ലാ പാക്കിങ് യൂണിറ്റുകളിലും പരിശോധന നടത്താനാണു തീരുമാനം. യൂണിറ്റുകളിൽനിന്നു ശേഖരിക്കുന്ന വെള്ളം ലാബുകളിൽ പരിശോധിക്കും. നഗരത്തിലും സമീപത്തെ കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലുമായി ലൈസൻസുള്ള 450 യൂണിറ്റുകളാണു പ്രവർത്തിക്കുന്നത്.
പാക്കിങ് കമ്പനികൾക്കായി ഒരാഴ്ചത്തെ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും. ഉപയോഗിച്ച ശേഷം, വെള്ളക്കുപ്പികൾ പുനരുപയോഗിക്കാൻ സാധിക്കാത്തവിധം നശിപ്പിക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടണമെന്നു ഹോട്ടലുകൾ, റെയിൽവേ സ്റ്റേഷൻ അടക്കമുള്ള സ്ഥലങ്ങളിലെ കച്ചവടക്കാർ എന്നിവർക്കു നിർദേശം നൽകുമെന്നും അധികൃതർ പറഞ്ഞു. നേരിട്ടു സൂര്യപ്രകാശം പതിക്കുന്ന കാനുകളിലും കുപ്പികളിലും പ്ലാസ്റ്റിക്കിൽനിന്നുള്ള രാസപദാർഥങ്ങൾ വെള്ളത്തിലലിഞ്ഞ് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നതിനാൽ അവ സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കണമെന്നു ചില്ലറ വ്യാപാരികൾക്കു നിർദേശം നൽകിയിട്ടുണ്ട്.