ചുവരെഴുത്തിൽ രാജനു രാഷ്ട്രീയമില്ല

Mail This Article
പനങ്ങാട് ∙ സിപിഎം പനങ്ങാട് സൗത്ത് ബ്രാഞ്ച് സെക്രട്ടറി എം.ആർ. രാജന്റെ ചുവരെഴുത്തിൽ രാഷ്ട്രീയമില്ല. ഏതു മുന്നണി വിജയിച്ചാലും ശ്രദ്ധ ചുവരെഴുത്തിൽ മാത്രം. കോവിഡിൽ പെയിന്റുണങ്ങി, ബ്രഷുകൾ ചിതലെടുത്ത ജീവിതത്തിന്റെ നിറം മങ്ങിയ കലാകാരൻമാർക്ക് ആശ്വാസമാവുകയാണ് തദ്ദേശ തിരഞ്ഞെടുപ്പെന്ന് അഡ്‌വർടൈസിങ് വർക്കേഴ്സ് യൂണിയൻ(സിഐടിയു) ജില്ലാ ട്രഷറർ കൂടിയായ രാജൻ പറയുന്നു.
28 വയസ്സ് മുതൽ പാർട്ടി അംഗത്വം ഉണ്ട്. ഒരു വർഷമായി ബ്രാഞ്ച് സെക്രട്ടറി. മറ്റു മുന്നണികൾക്കു വേണ്ടി ചുവരെഴുതുന്നതിൽ ഇതുവരെ പാർട്ടിയിൽ നിന്ന് എതിർപ്പൊന്നും വന്നിട്ടില്ല. ഇപ്പോൾ എഴുതുന്നത് കുമ്പളം പഞ്ചായത്തിലെ 9, 10 വാർഡുകളിലെ യുഡിഎഫ് സ്ഥാനാർഥികൾക്കു വേണ്ടി. 1990ൽ സിപിഎം സ്ഥാനാർഥി സി.കെ. പത്മനാഭനു വേണ്ടിയുള്ള ആദ്യചുവരെഴുത്തിന്റെ ആവേശമാണ് ഇപ്പോഴും.
അന്നൊക്കെ പാർട്ടിക്കായി മാത്രമായിരുന്നു എഴുത്ത്. രാത്രി പെട്രോ മാക്സ് വെളിച്ചത്തിൽ കട്ടൻചായയും പരിപ്പുവടയും കഴിച്ചുള്ള എഴുത്തിന്റെ സുഖം ഒന്നു വേറെ. ഇന്നു സ്ഥിതി മാറി. രാത്രിയിൽ എഴുതാൻ ആളെ കിട്ടില്ല. ഫ്ലക്സിന്റെ അതിപ്രസരത്തിലും ചുവരെഴുത്ത് നിലനിൽക്കുന്നു എന്നതു തന്നെ ആശ്വാസം. രാജൻ പറയുന്നു.