യുഡിവൈഎഫ് പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം

Mail This Article
മൂവാറ്റുപുഴ∙ തിരഞ്ഞെടുപ്പു ദിവസം യുഡിഎഫ് പ്രവർത്തകർക്കു നേരെയുണ്ടായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് യുഡിവൈഎഫ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം. നെഹ്റു പാർക്കിൽ നിന്നാരംഭിച്ച മാർച്ച് ടൗൺ ചുറ്റി പൊലീസ് സ്റ്റേഷൻ പരിസരത്ത് എത്തിയപ്പോൾ പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ മറികടന്നു മുന്നോട്ടു പോകാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെയാണ് ഉന്തും തള്ളും ഉണ്ടായത്. മുതിർന്ന പ്രവർത്തകർ എത്തി സംഘർഷം ഒഴിവാക്കി.
തിരഞ്ഞെടുപ്പ് ദിവസം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പല ബൂത്തുകളിലും യുഡിഎഫ് പ്രവർത്തകർക്കു നേരെ കയ്യേറ്റ ശ്രമം ഉണ്ടായതായാണ് ആരോപണം. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എ.ബഷീർ, യൂത്ത് കോൺഗ്രസ് വാളകം മുൻ മണ്ഡലം പ്രസിഡന്റ് എബി പൊങ്ങണത്തിൽ എന്നിവർക്കു നേരെ പൊലീസിന്റെ ഭാഗത്തു നിന്നും എൽഡിഎഫ് പ്രവർത്തകരുടെ ഭാഗത്തു നിന്നും ആക്രമണം ഉണ്ടായി. എൽഡിഎഫ് പ്രവർത്തകരുടെ അക്രമത്തിൽ പരുക്കേറ്റ എബിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.
എന്നാൽ പ്രതിചേർക്കപ്പെട്ടവർ പിറ്റേദിവസം എബിക്കെതിരെ വ്യാജപരാതി നൽകുകയും ആ പരാതിയിൽ അന്വേഷണം നടത്താതെ കേസെടുത്തതിലും പ്രതിഷേധിച്ചായിരുന്നു യുഡിവൈഎഫ് പ്രതിഷേധ മാർച്ച്. മാർച്ച് കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു. യുഡിവൈഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം ചെയർമാൻ സമീർ കോണിക്കൽ അധ്യക്ഷനായി. ജോയി മാളിയേക്കൽ. പി.പി.എൽദോസ്, വിൻസന്റ് ജോസഫ്, പി.എ.ബഷീർ, പി.എസ്.സലിം, കെ.എ.ആബിദ് അലി, റഫീഖ് പൂക്കടശേരിൽ, ഷാൻ മുഹമ്മദ്, റിയാസ് താമരപ്പിള്ളിൽ, മുഹമ്മദ് ഹാഷിം, പിവിഎം ആരിഫ്, ജിന്റോ ടോമി, ജയിംസ് ജോഷി, റംഷാദ് റഫീഖ്, ജെറിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.