പുരസ്കാര നിറവിൽ കൂടിയാട്ട മുത്തശ്ശി

Mail This Article
കാലടി∙ കലാമണ്ഡല പുരസ്കാര നിറവിൽ കൂടിയാട്ടത്തിലെ മുത്തശ്ശി സരോജിനി നങ്ങ്യാരമ്മ. കൂടിയാട്ടത്തിൽ കേരള കലാമണ്ഡലം പ്രഖ്യാപിച്ച പുരസ്കാരം (30,000) നവംബർ 7, 8, 9 തീയതികളിൽ കലാമണ്ഡലത്തിന്റെ നവതി ആഘോഷ സമാപനത്തോടനുബന്ധിച്ചു സമ്മാനിക്കും. 82 വയസ്സുള്ള സരോജിനി നങ്ങ്യാരമ്മയുടെ ജീവിതം ഏഴര പതിറ്റാണ്ടോളം ക്ഷേത്ര കലകളുമായി ബന്ധപ്പെട്ടായിരുന്നു. ഇന്നും കൂടിയാട്ടം വേദികളിൽ സജീവ സാന്നിധ്യമാണ്. അനുഷ്ഠാന രീതിയിൽ കൂടിയാട്ടവും നങ്ങ്യാർക്കൂത്തും അവതരിപ്പിക്കുന്ന ഇവർക്കു ക്ഷേത്രങ്ങൾ തന്നെയാണു പ്രധാന അരങ്ങ്.
ആയിരത്തിലേറെ വേദികളിൽ ഈ കലാനൈപുണ്യം പകർന്നാടിയിട്ടുണ്ട്. 9-ാംവയസ്സിൽ എടനാട് ഭഗവതി ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. ശ്രീമൂലനഗരം പഞ്ചായത്തിലെ എടനാട് കിഴക്കേ നമ്പ്യാർമഠം സരോജിനി നങ്ങ്യാരമ്മ പാരമ്പര്യ അഭ്യസന രീതിയനുസരിച്ച് ഏഴാം വയസ്സിൽ കൂത്ത്, കൂടിയാട്ടം വിഷയങ്ങളിൽ അഭ്യസനം ആരംഭിച്ചു. അമ്മ അമ്മുക്കുട്ടി നങ്ങ്യാരമ്മ, അമ്മായി കൊച്ചുകുട്ടി നങ്ങ്യാരമ്മ, വില്ലുവട്ടത്ത് രാവുണ്ണി നമ്പ്യാർ എന്നിവരാണ് അനുഷ്ഠാന കലയിലെ ഗുരുനാഥന്മാർ. പൈങ്കുളം രാമചാക്യാർ, മാണി മാധവ ചാക്യാർ, അമ്മന്നൂർ മാധവ ചാക്യാർ എന്നീ ആചാര്യന്മാർക്കൊപ്പം പല അരങ്ങിലും ഒരുമിച്ചു പ്രവർത്തിച്ചു.
നങ്ങ്യാർകൂത്തിനു പുറമേ അംഗുലീയാങ്കം, മത്തവിലാസം, മന്ത്രാങ്കം എന്നീ കൂത്തുകളും അവതരിപ്പിച്ചിട്ടുണ്ട്. യുനെസ്കോ സംഘടിപ്പിച്ച രാജ്യാന്തര സെമിനാറിൽ കൂടിയാട്ടത്തെയും അംഗുലീയാങ്കത്തെയും കുറിച്ചു പ്രബന്ധം അവതരിപ്പിച്ചിരുന്നു. 2016ൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. കൂത്ത്, കൂടിയാട്ടം കലാകാരനായിരുന്ന ഭർത്താവ് മാണി പരമേശ്വര ചാക്യാർ വർഷങ്ങൾക്കു മുൻപേ മരിച്ചു. മക്കൾ നാരായണൻ നമ്പ്യാരും രാമചന്ദ്രൻ നമ്പ്യാരും മിഴാവുമായി അമ്മയ്ക്കൊപ്പം അരങ്ങിലുണ്ട്.