5 രൂപ കൊടുത്തു 2 രൂപയുടെ കൺസഷൻ ടിക്കറ്റ് എടുത്താൽ ബാക്കി നൽകില്ല; വീട്ടിലേക്കു തിരിച്ചു പോകാൻ കടം വാങ്ങണം
Mail This Article
മൂവാറ്റുപുഴ∙ ബസിൽ 5 രൂപ കൊടുത്തു 2 രൂപയുടെ കൺസഷൻ ടിക്കറ്റ് എടുത്താൽ ബാക്കി തുക നൽകില്ല. വീട്ടിലേക്കു തിരിച്ചു പോകാൻ ഒന്നുകിൽ കടം വാങ്ങണം. അല്ലെങ്കിൽ നടന്നു പോകണം. സീറ്റിലിരിക്കാൻ അനുവദിക്കാതിരിക്കുക, സ്റ്റോപ്പിൽ വിദ്യാർഥിനികളെ കണ്ടാൽ ഡബിൾ ബെല്ലടിക്കുക, ബസിൽ കയറ്റാതിരിക്കുക തുടങ്ങി ഒട്ടേറെ ദുരിതങ്ങളാണു വിദ്യാർഥിനികൾ പരാതിയായി എംഎൽഎയുടെ മുന്നിൽ അവതരിപ്പിച്ചത്. മൂവാറ്റുപുഴയിൽ സ്ത്രീകളുടെ മുന്നേറ്റം എന്ന പേരിൽ നടത്തിയ ടോക് ഷോയിലായിരുന്നു വിദ്യാർഥിനികൾ ബസ് യാത്രയിലെ ദുരിതങ്ങൾ ഓരോന്നായി വിവിരിച്ചത്.
വിദ്യാർഥിനികൾ പരാതി കെട്ടഴിച്ചതോടെ മാത്യു കുഴൽനാടൻ എംഎൽഎ ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹിയെ വിളിച്ചു വരുത്തി. വിദ്യാർഥികളുടെ മുന്നിൽ നിർത്തി പരാതികൾ എല്ലാം ചൂണ്ടിക്കാട്ടി. 2 രൂപ കൊടുത്താൽ ബാക്കി തിരിച്ചു കൊടുക്കാത്തത് വിദ്യാർഥിനികൾ ചോദിക്കാത്തതു കൊണ്ടാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ചോദിച്ചാലും തരാറില്ലെന്നു വിദ്യാർഥിനികൾ വ്യക്തമാക്കി വിദ്യാർഥികൾ ബഹളം വച്ചതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്ന് അദ്ദേഹം വിദ്യാർഥിനികൾക്ക് ഉറപ്പു നൽകി. ഇത്തരം സംഭവങ്ങളുണ്ടായാൽ മോട്ടർ വാഹനവകുപ്പിലോ പൊലീസിലോ പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഉറപ്പു നൽകി.
നഗരത്തിൽ സ്ത്രീകൾക്കുള്ള ശുചിമുറി ഇല്ലാത്തതും സ്ത്രീകൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച ഷീ ടോയ്‌ലറ്റ് അടച്ചിട്ടിരിക്കുന്നതും ടോക് ഷോയിൽ പരാതിയായി ഉയർന്നു. ഉടൻ പരിഹാരം കാണുമെന്ന് ടോക് ഷോയിൽ പങ്കെടുത്ത നഗരസഭ ചെയർമാൻ പി.പി.എൽദോസ് വ്യക്തമാക്കി. നഗരത്തിൽ ഗേൾസ് നൈറ്റ് ഔട്ട് എന്ന പേരിൽ വിദ്യാർഥിനികൾ സംഘടിപ്പിക്കുന്ന തട്ടുകട ഫുഡ് ഫെസ്റ്റിനോടുനബന്ധിച്ചാണ് ടോക് ഷോ സംഘടിപ്പിച്ചത്. നഗരത്തിൽ വിദ്യാർഥിനികളും വിവിധ വനിത സംഘടനകളും ജനപ്രതിനിധികളും ചേർന്ന് വാക്കത്തണും സംഘടിപ്പിച്ചു. ഇന്നും നാളെയും വൈകിട്ട് 5 മുതൽ രാത്രി 11 വരെയാണ് തട്ടുകട ഫുഡ് ഫെസ്റ്റ്.