ആശങ്കയായി ശിഖരങ്ങൾ; വിദ്യാർഥികൾക്ക് ഭീഷണിയായി മുനമ്പം കച്ചേരിപ്പടി സ്കൂൾ വളപ്പിലെ വൻമരങ്ങൾ
Mail This Article
വൈപ്പിൻ∙ പള്ളിപ്പുറം പഞ്ചായത്തിൽ മുനമ്പം കച്ചേരിപ്പടിയിലുള്ള സർക്കാർ എൽപി സ്കൂൾ വളപ്പിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന കൂറ്റൻ തണൽ വൃക്ഷങ്ങളുടെ ശിഖരങ്ങൾ വിദ്യാർഥികൾക്കു ഭീഷണിയാവുന്നു. ഒടിഞ്ഞു വീഴാൻ സാധ്യതയുള്ള ചില്ലകൾ മഴക്കാലത്തിനു മുൻപേ വെട്ടിമാറ്റണമെന്ന് രക്ഷകർത്താക്കൾ ആവശ്യപ്പെട്ടിരുന്നതാണെങ്കിലും നടപടിയുണ്ടായില്ല.
കാലവർഷം ആരംഭിച്ചതോടെ വൈപ്പിനിൽ തന്നെ പലയിടത്തും വൃക്ഷങ്ങൾ വീണ് അപകടം സംഭവിച്ചിരുന്നു, കൂടാതെ സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അപകട ഭീഷണി ഉയർത്തുന്ന വൃക്ഷശിഖരങ്ങൾ മുറിച്ചുമാറ്റണമെന്ന് ജില്ലാ ദുരന്ത നിവാരണ സമിതിയും നിർദേശിച്ചിരുന്നു. സ്കൂൾ വളപ്പിലെ പ്രധാന കെട്ടിടത്തിനു മുകളിലും കുട്ടികൾ കളിക്കുന്ന പാർക്കിനു സമീപത്തുമാണ് തണൽ വൃക്ഷങ്ങളുടെ ചില്ലകൾ അപകടകരമായ രീതിയിൽ നിൽക്കുന്നത്. ഇതിനു തൊട്ടു ചേർന്ന് സംസ്ഥാനപാതയ്ക്ക് അരികിലൂടെ വൈദ്യുതി കമ്പികളും കടന്നു പോകുന്നുണ്ട്.