കൊച്ചിയിൽ സിനിമാ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നു മുങ്ങിയ വളർത്തു പൂച്ച ലൂക്ക എട്ടാം ദിവസം പൊങ്ങി

Mail This Article
ആലുവ∙ കൊച്ചിയിൽ സിനിമാ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നു മുങ്ങിയ വളർത്തു പൂച്ച ലൂക്ക എട്ടാം ദിവസം പൊങ്ങി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം പോന്നോത്ത് ലൈനിൽ കനകത്ത് ജോസഫിന്റെ വീട്ടിൽ നിന്നാണു കിട്ടിയത്. ഉടമ പടിഞ്ഞാറേ കടുങ്ങല്ലൂർ വെള്ളൂക്കുഴി മുഹമ്മദ് യാസീൻ എത്തി കൂട്ടിക്കൊണ്ടുവന്നു.
പൂച്ചയെ കാണാതായതു സംബന്ധിച്ചു മനോരമയിൽ ഫെബ്രുവരി 27നു വന്ന വാർത്ത ജോസഫും അമ്മ ത്രേസ്യയും വായിച്ചിരുന്നു. പൂച്ചയെ പിടികൂടി ഉടമയ്ക്കു കൈമാറാൻ അവർ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നു യാസീനും പിതാവ് വി.കെ. ഷാനവാസും അവിടെ എത്തി കാത്തുനിന്നു. അവരെ കണ്ടപ്പോൾ തന്നെ ലൂക്ക വണ്ടിയിൽ ചാടിക്കയറി പുറപ്പെട്ടു.