ADVERTISEMENT

കാലടി∙ റോഡിൽ മീഡിയന്റെ പുതുമ മാറും മുൻപേ മീഡിയൻ കടന്ന് സ്വകാര്യ ബസിന്റെ നിയമ ലംഘനം. അതും ജോയിന്റ് ആർടിഒയുടെ മുന്നിൽ വച്ചു തന്നെ. നിയമം ലംഘിച്ച ഡ്രൈവർക്ക് മോട്ടർ വാഹന വകുപ്പ് മണിക്കൂറുകൾക്കുള്ളിൽ ശിക്ഷയും നൽകി. കാലടി പട്ടണത്തിൽ ബസ് സ്റ്റാൻഡിനു മുന്നിലായിരുന്നു നിയമ ലംഘനം. അങ്കമാലിയിൽ നിന്ന് കാലടി ഭാഗത്തേക്കു വരികയായിരുന്ന ‘ന്യൂ സ്റ്റാർ’ എന്ന സ്വകാര്യ ബസ് മീഡിയന്റെ വലതു ഭാഗത്തേക്കു കടന്ന് നിയമ വിരുദ്ധമായി ബസ് സ്റ്റാൻഡിലേക്ക് കയറുകയായിരുന്നു. ബസ് സ്റ്റാൻഡിനു 100 മീറ്റർ ഇപ്പുറത്തു വച്ചായിരുന്നു ഈ നിയമ ലംഘനം.

മീഡിയൻ വയ്ക്കാൻ നേതൃത്വം നൽകിയ ജോയിന്റ് ആർടിഒ ഇതു കണ്ടുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. ഉടനെ അദ്ദേഹം ബസിന്റെ നിയമ ലംഘനത്തിന്റെ ഫോട്ടോ അങ്കമാലി മോട്ടർ വാഹന ഓഫിസിലേക്ക് അയച്ച് വിവരങ്ങൾ നൽകി. ഇതേത്തുടർന്ന് ബസ് ഡ്രൈവർ എ.സി.ഗിരീഷിനെ അങ്കമാലി സബ് ആർടി ഓഫിസിലേക്ക് വിളിച്ചു വരുത്തുകയും ഒരു മാസത്തേക്ക് ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുകയും ചെയ്തു. കൂടാതെ ബസ് ഉടമയ്ക്കെതിരെ ലൈൻ ട്രാഫിക് മാർഗരേഖ ലംഘിച്ചതിന് പിഴ ചുമത്തി.

ഒന്നര മാസം മുൻപാണ് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ സ്ഥലത്തെത്തി കാലടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള മാർഗങ്ങളിലൊന്നായി മീഡിയൻ സ്ഥാപിക്കാൻ നിർദേശം നൽകിയത്. കാലടി ടൗൺ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇതു നടപ്പാക്കി വരികയാണ്. വാഹനങ്ങൾ ലൈൻ തെറ്റിച്ച് ഇടയിലൂടെ കയറുമ്പോഴാണ് കാലടിയിൽ പലപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com