വ്യാജ ആധാർകാർഡ്, വ്യാജ പാസ്പോർട്ട് നിർമാണം; ബംഗ്ലദേശ് നുഴഞ്ഞുകയറ്റക്കാർക്ക് കൊച്ചിയിൽ വ്യാജ ‘സേവാകേന്ദ്രം’

Mail This Article
കൊച്ചി∙ ബംഗ്ലദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർക്കു എറണാകുളം ബ്രോഡ്‌വേയിലെ കേന്ദ്രത്തിൽ നിന്നു വ്യാജ ആധാർകാർഡും വ്യാജ പാസ്പോർട്ടും ലഭിച്ചതായി രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. പെരുമ്പാവൂർ, ആലുവ എന്നിവിടങ്ങളിലും വ്യാജ തിരിച്ചറിയൽ രേഖകൾ നിർമിക്കുന്ന സംഘത്തിന്റെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം പെരുമ്പാവൂരിലെ ഇത്തരം കേന്ദ്രങ്ങളിലൊന്നിൽ പൊലീസ് നടത്തിയ റെയ്ഡിൽ വ്യാജരേഖകൾ പിടിച്ചെടുത്ത് 2 പേരെ അറസ്റ്റ് ചെയ്തിരുന്നു. വ്യാജ ആധാർ കാർഡ് നിർമാണ കേസിൽ കസ്റ്റഡിയിലെടുത്ത അസം സ്വദേശി റെയ്ഹാനുദീന്റെ (20) അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. അസം സ്വദേശി ഹാരിസുൽ ഇസ്‌ലാമിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂരിലെ മുനിസിപ്പൽ കെട്ടിടത്തിൽ മൈത്രി മൊബൈൽസ് എന്ന കടയിലായിരുന്നു കാർഡ് നിർമാണം.
വ്യാജ കാർഡ് നിർമിച്ചു പ്രിന്റിങ്ങിന് തയാറെടുക്കുമ്പോഴാണു പിടിയിലാകുന്നത്. ലാപ്ടോപ്, ലാമിനേഷൻ മെഷീൻ, കളർ ഫോട്ടോസ്റ്റാറ്റ് പ്രിന്റർ, ലാമിനേഷൻ കവർ, 25000 രൂപ എന്നിവ ഇവിടെ നിന്ന് കണ്ടെടുത്തു. കേരളത്തിൽ തങ്ങുന്ന അതിഥി തൊഴിലാളികളുടെ ഇടയിൽ ബംഗ്ലദേശ് പൗരന്മാർ നുഴഞ്ഞുകയറിയതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തത് ഒരു വർഷം മുൻപാണ്. ഇത്തരം 12 പേർ വ്യാജ ഇന്ത്യൻ പാസ്പോർട്ടിൽ ഇസ്രയേലിലേക്കു കടന്ന് അവിടെ പിടിയിലായിരുന്നു. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴിയാണ് ഇവർ വിദേശത്തേക്കു കടക്കാൻ ശ്രമിച്ചത്.
ഇക്കാര്യം ഇസ്രയേൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതിനെ തുടർന്നാണു കേരളത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണം ശക്തമാക്കിയത്. രണ്ടു മാസമായി എറണാകുളം റൂറൽ, സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ തുടർച്ചയായി റെയ്ഡുകളും അറസ്റ്റുകളും നടക്കുന്നുണ്ട്. ബ്രോഡ്‌വേയിലെ വ്യാജരേഖ കേന്ദ്രവും നിരീക്ഷണത്തിലാണ്. പെരുമ്പാവൂരിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. എഎസ്പി ശക്തി സിങ് ആര്യയുടെ നേതൃത്വത്തിൽ എസ്ഐമാരായ പി.എം റാസിഖ്, റിൻസ് എം.തോമസ് തുടങ്ങിയവരാണു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.