ADVERTISEMENT

മറയൂരിലെ ചന്ദനക്കാടുകളിൽ സാൻഡൽ വുഡ് സ്പൈക് ഡിസീസ് എന്ന രോഗം വ്യാപകമാവുന്നുവെന്ന വാർത്തകളുണ്ട്. എന്താണ് അവസ്ഥ? ചന്ദനമരങ്ങൾക്കു രോഗം ബാധിച്ചുവെന്ന തോതിൽ വ്യാപകമായ വാർത്തകൾ പ്രചരിച്ചിരുന്നു. യഥാർഥത്തിൽ കഴിഞ്ഞ 40 വർഷമായി മറയൂരിലെ ചന്ദനക്കാടുകളിൽ ഈ രോഗമുണ്ട്. കിളിക്കൂട്ട് മലയിലെ സാൻഡൽ റിസർവ് നമ്പർ 51ലാണ് മറയൂറിൽ ആദ്യമായി രോഗം കണ്ടെത്തിയത്. തമിഴ്നാട്ടിലും കർണാടകയിലും ഇതിനു മുൻപു തന്നെ സ്പൈക് കണ്ടെത്തിയിട്ടുണ്ട്. ചന്ദനമരങ്ങളിൽ രോഗം കണ്ടെത്തിയിട്ടു 100 വർഷം പിന്നിട്ടു.

ഈ രോഗത്തെക്കുറിച്ചു തെറ്റിദ്ധാരണകൾ വ്യാപകമാവുന്നുണ്ടോ?

മരങ്ങളിൽ മാത്രം വ്യാപിക്കുന്ന ഒരു ബാക്ടീരിയൽ ഡിസീസാണ് സാൻഡൽ സ്പൈക്. വർഷത്തിൽ ആയിരക്കണക്കിനു ചന്ദനത്തൈകൾ വിറ്റഴിക്കുന്ന മറയൂർ ചന്ദനഡിവിഷനിനെക്കുറിച്ച് ഇത്തരത്തിലൊരു പ്രചാരണമുണ്ടാവുമ്പോൾ അതു വിപണനത്തെ ബാധിക്കും.

രോഗം വന്ന് ഉണങ്ങിയ മരങ്ങൾ എന്തു ചെയ്യുന്നു?

ഇവ ഗോഡൗണുകളിൽ എത്തിച്ചു വൃത്തിയാക്കി ലേലം ചെയ്യുകയാണു പതിവ്. രോഗം ബാധിച്ചു എന്നു കരുതി ചന്ദനത്തിന്റെ ഗുണമേന്മയെ ഇതു ബാധിക്കുന്നില്ല. മരത്തിന്റെ തൊലി ചെത്തിക്കളയുകയാണ് ചെയ്യുക. ചന്ദന ഉൽപന്നങ്ങൾ വാങ്ങുന്നവർക്കും ചന്ദനക്കാടുകൾ കാണാനെത്തുന്നവർക്കും ഒരാശങ്കയും വേണ്ട.

രോഗവ്യാപന സാധ്യത?

55000 മരങ്ങളാണു മറയൂരിലുള്ളത്. ഇതിൽ എല്ലാ വർഷവും ശരാശരി ആയിരത്തോളം മരങ്ങൾ രോഗം വന്നു നശിക്കുന്നുണ്ട്. സ്വാഭാവികമായി ഉണങ്ങുന്നവയുമുണ്ട്. ഏകദേശം 5000 മരങ്ങൾ പുതുതായി നട്ടുപിടിപ്പിക്കുന്നു. അതിതീവ്ര വ്യാപനം  ഇതുവരെ കണ്ടെത്തിയിട്ടില്ല.

പ്രതിരോധ മാർഗങ്ങളും തുടർപഠനങ്ങളും എങ്ങനെയാണ്?

രോഗം വ്യാപകമാകാതിരിക്കാനാണ് രോഗബാധയുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നത്. മറയൂരിൽ ഈ രോഗം വ്യാപിപ്പിക്കുന്ന പ്രാണി (വെക്ടർ) ഏതാണ് എന്നതിനെപ്പറ്റി തുടർപഠനങ്ങൾ നടക്കുകയാണ്. ചൂടു കൂടിയ പ്രദേശങ്ങളിലാണു രോഗം പടരുന്നത്. അട്ടപ്പാടിയിൽ രോഗം കുറവാണ്. ചൂടുള്ള സാഹചര്യങ്ങളിൽ ജീവിക്കുന്ന വെക്ടറാണെന്നാണു പ്രതീക്ഷിക്കുന്നത്. ഇവ ഏതാണെന്നു കണ്ടെത്തുന്നതോടെ പ്രതിരോധ മാർഗങ്ങൾ കൂടുതൽ ഫലപ്രദമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com