തമിഴ്നാട്ടിൽ ഫെയ്ഞ്ചൽ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും: പൊള്ളും വിലയിൽ വെന്ത് പച്ചക്കറി
Mail This Article
തൊടുപുഴ ∙ പച്ചക്കറി വിപണിയിൽ പല ഇനങ്ങൾക്കും പൊള്ളും വില. മുരിങ്ങക്കായ, ബീൻസ്, കാരറ്റ്, തക്കാളി തുടങ്ങിയവയുടെ വില കുതിച്ചുയർന്നു. വെളുത്തുള്ളി, സവാള എന്നിവയുടെ വില ഉയർന്നുതന്നെ തുടരുകയാണ്. ഒരു കിലോഗ്രാം മുരിങ്ങക്കായയ്ക്കു 300 രൂപയാണ് പലയിടങ്ങളിലും ചില്ലറ വില. ബീൻസ് കിലോഗ്രാമിന് 60 രൂപ, കാരറ്റ് – 80–88, തക്കാളി – 70–80, വെളുത്തുള്ളി – 360–400, സവാള – 70–80 എന്നിങ്ങനെയാണ് ചില്ലറ വിൽപനക്കാർ ഈടാക്കുന്നത്. വെണ്ടയ്ക്ക കിലോഗ്രാമിന് 50 രൂപ, പാവയ്ക്ക – 50–56, കോവയ്ക്ക – 56–60, കാബേജ് – 50, ബീറ്റ്റൂട്ട് – 60–70, വള്ളിപ്പയർ – 60 എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില.
പച്ചക്കറികൾക്ക് ഒരു സ്ഥലത്തു തന്നെ പല കടകളിലും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. ശബരിമല സീസണിനൊപ്പം തമിഴ്നാട്ടിൽ ഫെയ്ഞ്ചൽ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഉണ്ടായതാണ് ഇപ്പോഴത്തെ പച്ചക്കറി വിലവർധനയ്ക്കു കാരണമായി കച്ചവടക്കാർ പറയുന്നത്. മണ്ഡലകാലമായതോടെ തമിഴ്നാട് ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞിരുന്നു.
വില കൂടിയതിനു പിന്നാലെ പച്ചക്കറി വിൽപന കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു. മാർക്കറ്റിൽ എത്തുന്നവരിൽ പലരും വില കേട്ട് സാധനം വാങ്ങാതെ മടങ്ങുകയാണ്. പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലവർധന കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുകയാണ്.