വരയാടുകളുടെ പ്രജനനകാലം: ഇരവികുളം പാർക്ക് ശനിയാഴ്ച അടയ്ക്കും; മാർച്ച് 31ന് തുറക്കും

Mail This Article
മൂന്നാർ ∙ വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാൽ ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി 1 മുതൽ രണ്ടു മാസത്തേക്ക് അടയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ, സന്ദർശകമേഖലയായ രാജമലയിലേക്കു വിനോദസഞ്ചാരികൾക്കു പ്രവേശനമുണ്ടാകില്ല. ഇരവികുളത്ത് ഈ സീസണിൽ ഇതുവരെ 10 വരയാടിൻകുഞ്ഞുങ്ങൾ പിറന്നതായി വനംവകുപ്പ് അറിയിച്ചു.
ആസ്വദിക്കാം, ബഗ്ഗി യാത്ര
രാജമല അടച്ചാലും സഞ്ചാരികൾക്കു താർ സോണിൽ (വരയാടുകളുടെ വിഹാരകേന്ദ്രം) പ്രവേശിക്കാതെ മറ്റു കേന്ദ്രങ്ങൾ ആസ്വദിക്കാൻ വനംവകുപ്പ് സൗകര്യമൊരുക്കി. രാജമലയുടെ പ്രവേശനകവാടമായ അഞ്ചാംമൈൽ മുതൽ ചെക്പോസ്റ്റ് വരെ ബഗ്ഗി കാറിൽ യാത്ര ചെയ്യാം. വാച്ച് ടവറും സന്ദർശിക്കാം. ട്രെക്കിങ്ങിനും അവസരമുണ്ടാകും. അഞ്ചാംമൈലിലെ വെർച്വൽ റിയാലിറ്റി ഷോ, ഓർക്കിഡേറിയം, പന്നൽ ഗാർഡൻ എന്നിവയും സന്ദർശിക്കാം. ബഗ്ഗി കാറിൽ 6 പേർക്കു യാത്ര ചെയ്യുന്നതിനു 3000 രൂപയാണു നിരക്ക്.