നീലക്കുറിഞ്ഞി നശിപ്പിച്ചതിൽ അന്വേഷണം; അനധികൃത തടയണയ്ക്ക് അധികൃതർ സംരക്ഷണം നൽകുന്നതായി ആരോപണം

Mail This Article
രാജകുമാരി∙ ചാെക്രമുടിയിൽ ഭൂമി കയ്യേറ്റം നടന്ന സ്ഥലത്ത് നീലക്കുറിഞ്ഞി നശിപ്പിച്ച സംഭവത്തിൽ ചാെക്രമുടി സംരക്ഷണ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വനംവകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണമാരംഭിച്ചു. അന്വേഷണം പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നാണു വിവരം. ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘമാണു നീലക്കുറിഞ്ഞി നശിപ്പിച്ചതിനെ കുറിച്ച് അന്വേഷണം നടത്തുന്നത്. 12 വർഷത്തിലാെരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
കുറിഞ്ഞിച്ചെടികളും പൂക്കളും കൈവശം വയ്ക്കുന്നതും നശിപ്പിക്കുന്നതും ശിക്ഷാർഹമാണ്. നിയമം ലംഘിക്കുന്നവരെ 1972ലെ കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യാം. 3 വർഷം വരെ തടവും 25,000 രൂപ പിഴയുമാണു ശിക്ഷ. ചാെക്രമുടിയുടെ താഴ്‌ഭാഗത്തെ അനേകം മരങ്ങളും കയ്യേറ്റക്കാർ നശിപ്പിച്ചെന്നും വെട്ടിക്കടത്തിയെന്നും നാട്ടുകാർ പറയുന്നു. എന്നാൽ വനം വകുപ്പും ജൈവവൈവിധ്യ ബോർഡും നടപടി സ്വീകരിക്കാൻ തയാറാകാതെ വന്നതോടെയാണ് ചാെക്രമുടി സംരക്ഷണ സമിതി വനം വകുപ്പ് വിജിലൻസ് വിഭാഗത്തിന് പരാതി നൽകിയത്. 2014ലാണ് ഇതിന് മുൻപ് ചാെക്രമുടിയിൽ വ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ടത്.
ഇനി 2026ൽ നീലക്കുറിഞ്ഞി പൂവിടേണ്ടതായിരുന്നു.എന്നാൽ ചാെക്രമുടിയിൽ സ്വകാര്യ വ്യക്തികൾക്കു പട്ടയമുള്ള ഭൂമിയിലെയും സർക്കാർ ഭൂമിയിലെയും നീലക്കുറിഞ്ഞി വ്യാപകമായി നശിപ്പിച്ചു ഭൂമി പ്ലോട്ടുകളായി തിരിച്ചതിനാൽ ഇനിയാെരു കുറിഞ്ഞിപ്പൂക്കാലം ഉണ്ടാവില്ലെന്നാണു നാട്ടുകാർ പറയുന്നത്.
അനധികൃത തടയണ മൂടാൻ നടപടിയില്ല
മലമുകളിൽ നിന്ന് ഒഴുകി വരുന്ന വെള്ളം സംഭരിക്കുന്നതിനായി ചാെക്രമുടിയിൽ അനധികൃതമായി നിർമിച്ച തടയണ മൂടുന്നതിലും വിവാദം തുടരുന്നു. 20 മീറ്റർ നീളത്തിനും 10 മീറ്റർ വീതിയിലും 4 മീറ്റർ ആഴത്തിലുമാണു മലമുകളിൽ തടയണ നിർമിച്ചത്. കഴിഞ്ഞ മഴക്കാലത്ത് തടയണയുടെ മണ്ണു കാെണ്ടുള്ള ബണ്ടിന്റെ ഒരു ഭാഗം തകർന്നിരുന്നു. തടയണ താഴെയുള്ള ആദിവാസി കുടിയിലെ കുടുംബങ്ങൾക്ക് ഉൾപ്പെടെ ഭീഷണിയാണെന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
നാട്ടുകാർ കലക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് ബൈസൺവാലി പഞ്ചായത്ത് മുൻകയ്യെടുത്ത് മണ്ണ് സംരക്ഷണ വിഭാഗം, മൈനർ ഇറിഗേഷൻ വിഭാഗം ഉദ്യോഗസ്ഥർ 2 മാസം മുൻപ് സ്ഥലം സന്ദർശിച്ചെങ്കിലും തടയണ മൂടേണ്ടതില്ലെന്നാണു നിർദേശം നൽകിയത്. പ്രദേശത്തു നിന്നു തന്നെ മണ്ണെടുത്ത് തടയണ മൂടുന്നത് മഴക്കാലത്ത് മണ്ണിടിച്ചിലിന് കാരണമാകുമെന്നും അതിനാൽ തടയണയുടെ ചാലിൽ നിന്നുള്ള വെള്ളമാെഴുക്ക് തുടരുന്നതാണ് അനുയോജ്യമെന്നും മണ്ണ് സംരക്ഷണ, മൈനർ ഇറിഗേഷൻ വിഭാഗത്തിൽ നിന്നുള്ള വിദഗ്ധ സംഘം പഞ്ചായത്തിനു റിപ്പോർട്ട് നൽകി.
ഇതിന്റെയടിസ്ഥാനത്തിൽ പഞ്ചായത്ത് കലക്ടർക്ക് റിപ്പോർട്ട് നൽകി.
എന്നാൽ റെഡ് സോണിലുൾപ്പെടുന്ന ചാെക്രമുടിയിൽ ജനങ്ങൾക്കു ഭീഷണിയായ തടയണ പാെളിച്ചു നീക്കുന്നതിൽ തുടർ നടപടി സ്വീകരിക്കുമെന്ന പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും വാഗ്ദാനം ഇതുവരെ നടപ്പായില്ലെന്നു ചാെക്രമുടി സംരക്ഷണ സമിതി ആരോപിക്കുന്നു. ഇനി അടുത്ത മഴക്കാലത്ത് എന്തെങ്കിലും ദുരന്തമുണ്ടാകുമ്പോൾ മാത്രമായിരിക്കും അധികൃതർ ഇക്കാര്യത്തിൽ ഇടപെടുക എന്നാണ് നാട്ടുകാർ പറയുന്നത്.