‘സെമിട്രി ടൂറിസം’; ചരിത്രമുറങ്ങുന്ന കുടീരങ്ങൾ കാണാൻ ടൂറിസം പദ്ധതി

Mail This Article
പീരുമേട് ∙ ഇടുക്കിയിലെ പീരുമേട്ടിലെയും മൂന്നാറിലെയും ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള, വിദേശികളുടെ ശവകുടീരങ്ങൾ ഒരുമിപ്പിച്ച് ‘സെമിട്രി ടൂറിസം’ പദ്ധതി നടപ്പാക്കുന്നു. 36 വിദേശികളുടെ കല്ലറകൾ സ്ഥിതി ചെയ്യുന്ന പള്ളിക്കുന്ന് സെന്റ് ജോർജ് സിഎസ്ഐ ദേവാലയം (പഴയ ബ്രിട്ടിഷ് പള്ളി), 31 വിദേശികളെ സംസ്കരിച്ചിരിക്കുന്ന മൂന്നാർ സിഎസ്ഐ ക്രൈസ്റ്റ് ദേവാലയം എന്നിവയെ ഹെറിറ്റേജ് ടൂറിസം സർക്കീറ്റിൽ ഉൾപ്പെടുത്തും.
ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) ഇതുസംബന്ധിച്ച നിർദേശം സർക്കാരിനു കൈമാറും. മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെ സ്രഷ്ടാവ് ജോൺ ഡാനിയൽ മൺറോയുടേത് അടക്കമുള്ള കല്ലറകളാണു പള്ളിക്കുന്നിലെ ബ്രിട്ടിഷ് സെമിത്തേരിയിലുള്ളത്. മൺറോയുടെ വെളുത്ത കുതിരയെ (ഡൗണി) മൺറോയുടെ കല്ലറയുടെ സമീപത്തു തന്നെയാണ് അടക്കം ചെയ്തിരിക്കുന്നത്. ദേവാലയ സെമിത്തേരിയിൽ കുതിരയ്ക്കു കല്ലറ എന്നതും അപൂർവമാണ്.
മൂന്നാറിൽ 1898ൽ നിർമിച്ച മൗണ്ട് കാർമൽ ബസിലിക്കയിൽ, സ്പാനിഷ് മിഷനറി ഫാ. അൽഫോൻസെ മരിയ ഡേ ലോസ് ആഞ്ചലസിന്റെ ശവകുടീരത്തിനും ചരിത്രപ്രാധാന്യമുണ്ട്. മൂന്നാർ സിഎസ്ഐ ക്രൈസ്റ്റ് ദേവാലയത്തിന്റെ സെമിത്തേരിയിലെ ഇലിന്നോർ ഇസബൽ മേ എന്ന ബ്രിട്ടിഷ് യുവതിയുടെ 130 വർഷം പഴക്കമുള്ള കല്ലറ കേരളത്തിലെ താജ്മഹൽ എന്നാണ് അറിയപ്പെടുന്നത്.