അപകടം നടന്നിട്ടു വേണോ മരം മുറിക്കാൻ...; അപകടഭീഷണി ഉയർത്തി പൊലീസ് സ്റ്റേഷൻ വളപ്പിലെ മരങ്ങൾ

Mail This Article
കാളിയാർ ∙ പൊലീസ് സ്റ്റേഷൻ വളപ്പിൽ നിൽക്കുന്ന മരങ്ങൾ പൊലീസുകാർക്കും ഇവിടെ എത്തുന്ന മറ്റുള്ളവർക്കും അപകട ഭീഷണിയാകുന്നു. ഏതു സമയത്തും മറിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് ഈ മരങ്ങൾ. എസ്എച്ച്ഒയുടെ ക്വാർട്ടേഴ്സിന് മുൻപിലും വലിയ മരം നിൽപുണ്ട്. കാറ്റ് വീശിയാൽ ഇവിടെയുള്ളവർ ജീവൻ പണയം വച്ചാണ് ഇരിക്കുന്നത്. വനിതകൾ ഉൾപ്പെടെ 43 പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്.കഴിഞ്ഞ ദിവസം സ്റ്റേഷനിലേക്കുള്ള പ്രധാന വഴിയിൽ വലിയ മരം കട പുഴകി വീണിരുന്നു.
പൊലീസ് ജീപ്പ് പ്രധാന വഴിയിലേക്ക് ഇറങ്ങി നിമിഷങ്ങൾക്കകമാണ് മരങ്ങൾ കൂട്ടത്തോടെ മറിഞ്ഞുവീണത്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. 1986 ലാണ് ഇവിടെ പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചത്. പൊലീസ് ഉദ്യോഗസ്ഥർക്ക് താമസിക്കുവാൻ ക്വാർട്ടേഴ്സും നിലവിലുണ്ട്. പൊലീസ് സ്റ്റേഷന്റെ അധികാരി ഇടുക്കി സോഷ്യൽ ഫോറസ്റ്റ് ഓഫിസർക്കു പരാതി നൽകിയാൽ മരം മുറിക്കാനുള്ള നടപടി സ്വീകരിക്കാമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.