ലാക്കാട് വ്യൂ പോയിന്റിൽ വഴിയോര കച്ചവടക്കാർ തമ്മിൽ സംഘർഷം

Mail This Article
മൂന്നാർ ∙ ദേവികുളം ലാക്കാട് വ്യൂ പോയിന്റിൽ വഴിയോര കച്ചവടക്കാർ തമ്മിൽ സംഘർഷം പതിവാകുന്നു. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽനിന്നു വിനോദസഞ്ചാരികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ പെട്ട ലാക്കാട് വ്യൂ പോയിന്റിൽ സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികൾ വഴിയോരക്കടകളിൽ നിന്നു സാധനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മാസങ്ങളായി കച്ചവടക്കാർ തമ്മിൽ തർക്കങ്ങളും സംഘർഷങ്ങളും പതിവാണ്. സാധനം വാങ്ങാനായി സഞ്ചാരികളെ വിളിച്ചു കടകളിൽ കയറ്റുന്നതും വില വ്യത്യാസവുമാണ് തർക്കങ്ങൾക്കു കാരണം.
രണ്ടു മാസം മുൻപ് കച്ചവടക്കാർ തമ്മിൽ സംഘർഷമുണ്ടാകുകയും അഞ്ചിലധികം കടകൾ രാത്രി തീയിട്ടു നശിപ്പിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കരിക്ക് കച്ചവടക്കാർ തമ്മിലാണ് സംഘർഷമുണ്ടായത്. സഞ്ചാരികൾ കരിക്ക് വാങ്ങാനെത്തിയതു സംബന്ധിച്ച് തർക്കമുണ്ടാകുകയും തുടർന്ന് ഇരുകൂട്ടരും കരിക്ക് ഉപയോഗിച്ച് പരസ്പരം എറിഞ്ഞു പരുക്കേൽപിക്കുകയുമായിരുന്നു. കരിക്ക് വാങ്ങാനെത്തിയവരും മറ്റു സഞ്ചാരികളും പരുക്കേൽക്കാതെ ഓടി രക്ഷപ്പെട്ടു. ദിവസവും ആയിരത്തിലധികം വിനോദ സഞ്ചാരികളെത്തുന്ന ലാക്കാട് വ്യൂ പോയിന്റിൽ വഴിയോര കച്ചവടക്കാർ തമ്മിലുള്ള സംഘർഷങ്ങൾ പതിവായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നു പ്രദേശവാസികൾ ആരോപിച്ചു.