രാജാക്കാട് അജ്ഞാത ജീവികൾ 2,000 കോഴികളെ കൊന്നു

Mail This Article
രാജാക്കാട് ∙ അജ്ഞാത ജീവികൾ ഫാമിലെ രണ്ടായിരത്തോളം കോഴികളെ കൊന്നു. രാജാക്കാട് മമ്മട്ടിക്കാനം പുറക്കുന്നേൽ നരേന്ദ്രൻ–മിനി ദമ്പതികൾ നടത്തുന്ന ഗ്രാമലക്ഷ്മി പോൾട്രി ഫാമിലെ 35 ദിവസം പ്രായമായ രണ്ടായിരത്തോളം കോഴികളാണ് ചത്തത്. വ്യാഴാഴ്ച രാത്രി 11ന് ശേഷമാണ് ഫാമിന്റെ ചുറ്റുമുണ്ടായിരുന്ന ഇരുമ്പ് വല തകർത്ത് അജ്ഞാത ജീവികൾ അകത്ത് കയറി കോഴികളെ കടിച്ചുകാെന്നത്.കുഞ്ഞിന് 55 രൂപ നിരക്കിൽ വാങ്ങി ഗ്രോവർ തീറ്റ നൽകി പരിചരിച്ച കോഴികളാണ് ഒറ്റ ദിവസം കാെണ്ടു ചത്തത്. 5 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് നരേന്ദ്രൻ പറയുന്നത്. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ്, പഞ്ചായത്തംഗം പ്രിൻസ് കന്യാക്കുഴി എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലത്തെത്തുകയും മൃഗസംരക്ഷണ വകുപ്പ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു.
മാങ്ങാത്താെട്ടി ഗവ.മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ.നിമിഷ എം.നായർ, കുരുവിളാസിറ്റി ഗവ.മൃഗാശുപത്രിയിലെ ഡോ.വി.രെഗ്വൽ എന്നിവർ ഫാമിലെത്തി കോഴികളെ പരിശോധിച്ചു. ഫാമിലെ 90% കോഴികളും ചത്തതായും ഭൂരിഭാഗം കോഴികളുടെ ശരീരത്തിലും കടിയേറ്റതിന്റെ അടയാളങ്ങളുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. വന്യജീവികളുടെ ആക്രമണത്തിലാണ് കോഴികൾ ചത്തതെന്നാണ് വെറ്ററിനറി ഡോക്ടർമാരുടെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ശാന്തൻപാറ സെക്‌ഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. നഷ്ടപരിഹാരം നൽകുന്നതിന് ശുപാർശ ചെയ്യുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.