കാട്ടുപടവലത്തിന് 210 രൂപ: പ്രത്യേകിച്ചു ചെലവൊന്നുമില്ല, നല്ല വിളവും ലഭിക്കും

Mail This Article
മറയൂർ ∙ പ്രത്യേകിച്ചു ചെലവൊന്നുമില്ലാതെ, കൃഷി ചെയ്യാവുന്ന കാട്ടുപടവലത്തിന് നിലവിൽ ലഭിക്കുന്ന മികച്ച വില കർഷകന് ആശ്വാസമാകുന്നു. മറയൂർ, കാന്തല്ലൂർ, വട്ടവട മേഖലകളിൽ ഉൽപാദിപ്പിക്കുന്ന കാട്ടുപടവലത്തിന് കിലോഗ്രാമിന് വനംവകുപ്പ് നൽകുന്നത് 210 രൂപയാണ്. വളം, കീടനാശിനി പോലുള്ള ചെലവുകളില്ലാതെ തികച്ചും പ്രകൃതിദത്തമായി ഉൽപാദിപ്പിക്കുന്നതിനാൽ ഈ വില കർഷകന് സാമ്പത്തിക നേട്ടത്തിന് വഴിയൊരുക്കുന്നു. മറയൂർ, കാന്തല്ലൂർ മേഖലകളിലെ ആദിവാസിക്കുടികളിലും മറ്റും നിന്ന് വനംവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചില്ല ലേല കേന്ദ്രം ഇത്തവണ 2.75 ടൺ കാട്ടുപടവലമാണ് സംഭരിച്ചത്. ഇനിയും ഓർഡർ അനുസരിച്ച് സംഭരിക്കുമെന്ന് അധികൃതർ പറഞ്ഞു.
ആയുർവേദ ഔഷധങ്ങൾ നിർമിക്കുന്നതിന് ഒഴിച്ചുകൂടാനാവാത്തതാണ് കാട്ടുപടവലം. പാവൽ, പടവലം പോലുള്ളവ കൃഷി ചെയ്യുന്ന തരത്തിൽ പന്തൽ കെട്ടിയും മരങ്ങളിലും മൺതിട്ടയിലും പടർത്തിയുമാണ് കൃഷിചെയ്യുന്നത്.വട്ടവട, മറയൂർ മേഖലകളിലാണ് നിലവിൽ വ്യാപകമായി ഇവ കൃഷി ചെയ്തുവരുന്നത്. മറ്റു വിളകളെ അപേക്ഷിച്ച് രോഗപ്രതിരോധ ശേഷിയുള്ളതും കാര്യമായ ചെലവുകളില്ലാതെ മികച്ച വില ലഭിക്കുന്നതുമായ കാട്ടുപടവലം കൃഷി ചെയ്താൽ കർഷകന് കൈത്താങ്ങാണെന്ന് അനുഭവ സമ്പന്നരായ കർഷകർ പറയുന്നു.