പന്നിപ്പനി: എട്ടു പന്നികളെ കള്ളിങ് ചെയ്തു

Mail This Article
കണിച്ചാർ ∙ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഏലപ്പീടികയിലെ പന്നി ഫാമിൽ എട്ടു പന്നികളെ കള്ളിങ് ചെയ്തു. ഏലപ്പീടികയിലെ പി.സി.ജിൽസിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചത്. 58 പന്നികളാണു ഫാമിൽ ഉണ്ടായിരുന്നതെങ്കിലും കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ 50 എണ്ണവും ചത്തു.
കഴിഞ്ഞ മാസം 29നാണു രോഗം ബാധിച്ച ആദ്യത്തെ പന്നി ചത്തത്. പിന്നീടു തുടർച്ചയായി പന്നികൾ ചത്തതോടെ ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി ബെംഗളൂരിലെ ആനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസ് ലാബിലേക്ക് അയച്ചിരുന്നു. പരിശോധനയുടെ ഫലം ലഭിച്ചതു കഴിഞ്ഞ ദിവസമാണ്. ഇതിനിടയിൽ 50 പന്നികളും ചത്തു. അവശേഷിച്ച എട്ടു പന്നികളെയാണ് ഇന്നലെ കള്ളിങ് നടത്തിയത്.
കണിച്ചാറിലെ വെറ്ററിനറി മെഡിക്കൽ ഓഫിസർ ഡോ.ജോൺസൺ പി.ജോണിന്റെ നേതൃത്വത്തിലാണു കള്ളിങ് നടത്തിയത്. ചത്തപ്പന്നികളെ കുറിച്ചുള്ള റിപ്പോർട്ടും മൃഗ സംരക്ഷണ വകുപ്പിനു കൈമാറിയിട്ടുണ്ട്. ഫാമും പരിസരപ്രദേശങ്ങളും ശുചീകരിച്ചു. ഫാമുമായി ബന്ധപ്പെട്ടവരെയും ഫാമിൽ വന്നു പോയവരെയും അടുത്ത മൂന്നു മാസം നിരീക്ഷിക്കും.
സമീപ പ്രദേശത്ത് 10 കിലോമീറ്റർ ചുറ്റളവിനുള്ളിൽ വരുന്ന മറ്റു ഫാമുകളും മാംസ വിൽപനശാലകളും നിരീക്ഷണത്തിലാണ്. 10 കിലോമീറ്റർ ചുറ്റളവിനുള്ളിൽ പന്നിമാംസം വിതരണം ചെയ്യുന്നതും പന്നികളെ മറ്റു പ്രദേശങ്ങളിലേക്കു കൊണ്ടുപോകുന്നതും നേരത്തെ തന്നെ വിലക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ ഇറച്ചിക്കടകളിൽ പന്നിമാംസം വിൽക്കുന്നതിനും ഒരു മാസത്തേക്കു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.