ആറളം വന്യജീവി സങ്കേതം നരിക്കടവ് ആന്റി പോച്ചിങ് ക്യാംപില് മോഷണം: 2 പേർ പിടിയിൽ

Mail This Article
ഇരിട്ടി∙ ആറളം വന്യജീവി സങ്കേതത്തിലെ നരിക്കടവ് ആന്റി പോച്ചിങ് ക്യാംപിൽ മോഷണം നടത്തി ഉപകരണങ്ങൾ നശിപ്പിച്ച കേസിൽ സഹോദരങ്ങൾ പിടിയിൽ. ആറളം ഫാം ബ്ലോക്ക് 9ൽ താമസക്കാരായ പറമ്പത്ത് വീട്ടിൽ അനീഷ് (31), വിനോദ് ( 27) എന്നിവരെയാണ് ആറളം എസ്എച്ച്ഒ ആൻഡ്രിക് ഗ്രോമിക്കിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മീൻമുട്ടി വെള്ളച്ചാട്ടത്തിനു സമീപമുള്ള വനം വകുപ്പിന്റെ ആന്റി കോച്ചിങ് ക്യാംപിൽ കഴിഞ്ഞ ഡിസംബർ 2നും 11നും ഇടയിൽ അതിക്രമിച്ചു കയറി പാത്രങ്ങൾ, ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, സിസിടിവി, വയറിങ്, സോളർ പാനൽ, സ്ലീപ്പിങ് ബെഡ്, വാതിലുകൾ എന്നിവ നശിപ്പിച്ചെന്നും മോഷ്ടിച്ചെന്നുമാണ് കേസ്.
കാട്ടു വിഭവങ്ങൾ ശേഖരിക്കാൻ വനത്തിനുള്ളിൽ കയറിയ ആദിവാസി യുവാക്കളാണു സംഭവത്തിന് പിന്നിൽ എന്നു വ്യക്തമായതോടെ സമീപത്തെ കോളനികളിലെ ഊരുമൂപ്പന്മാരിൽ നിന്നു ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിനു ലഭിച്ചത്. പൊലീസ് അന്വേഷിച്ചു എത്തിയപ്പോഴേക്കും ഇവർ ഒളിവിൽ പോയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ആറളം ഫാം ബ്ലോക്ക് 9 ലെ വീടിനു സമീപം ഇവർ എത്തിയെന്നറിഞ്ഞു കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കാട്ടു വിഭവങ്ങൾ ശേഖരിക്കാനായി സഹോദരങ്ങളായ ഇവർ ഇരുവരും സുഹൃത്തുക്കളും ചേർന്നു വനത്തിനുള്ളിൽ കയറിയതായും രാത്രി ഭക്ഷണം പാകം ചെയ്യാനായി വനം വകുപ്പിന്റെ ക്യാംപിലെത്തി പാത്രങ്ങൾ മോഷ്ടിക്കുകയായിരുന്നെന്നും ഇവർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. മോഷ്ടിച്ച ശേഷമാണു മുകളിലത്തെ നിലയിൽ സിസിടിവി ക്യാമറകൾ ശ്രദ്ധയിൽപെടുന്നത്. തുടർന്നു വാതിൽ തകർത്തുള്ളിൽ കയറി സിസിടിവിയും അതിനോടു അനുബന്ധിച്ചുള്ള വയറിങ്ങും മറ്റു ഉപകരണങ്ങളും തകർത്ത ശേഷം രക്ഷപ്പെടുകയായിരുന്നെന്നും പറഞ്ഞു.
കേളകം അടയ്ക്കാത്തോട് കരിയംകാപ്പ് വഴിയാണ് ഇവർ വനത്തിനുളളിൽ പ്രവേശിച്ചതെന്നും മൊഴി നൽകിയിട്ടുണ്ട്. കൂട്ടുപ്രതികൾക്കായി അന്വേഷണം ശക്തമാക്കി. അന്വേഷണ സംഘത്തിൽ ആറളം എസ്ഐ കെ.ഷുഹൈബ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജയദേവൻ, റിജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ജോമോൻ, വിനീത് എന്നിവരും ഉണ്ടായിരുന്നു.