പി.വി.സുജിത്ത് കൊലക്കേസ്: വിചാരണ മാറ്റിവയ്ക്കണമെന്ന ഹർജി തള്ളി
Mail This Article
തലശ്ശേരി∙ പാപ്പിനിശ്ശേരി അരോളിയിലെ ബിജെപി പ്രവർത്തകൻ പി.വി.സുജിത്തി(27)നെ വീട്ടിൽ അതിക്രമിച്ചു കയറി അടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ മാറ്റി വയ്ക്കണമെന്ന ഹർജി അഡീഷനൽ സെഷൻസ് കോടതി (1) തള്ളി. കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു കിട്ടാനായി സർക്കാരിൽ അപേക്ഷ നൽകിയതിനാൽ പ്രോസിക്യൂട്ടറെ നിയമിച്ചു കിട്ടുന്നതുവരെ വിചാരണ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സുജിത്തിന്റെ ബന്ധുക്കൾ അഡ്വ. പി.പ്രേമരാജൻ മുഖേനയാണ് ഹർജി സമർപ്പിച്ചിരുന്നത്. ഇന്നലെ കേസ് വിചാരണയ്ക്ക് എടുത്തപ്പോൾ ഹാജരാവാതിരുന്ന സാക്ഷികളായ പി.വി.ജയേഷ്, അമ്മ സുലോചന എന്നിവർക്ക് കോടതി അറസ്റ്റ് വാറന്റ് ഉത്തരവായി.
കൊല്ലപ്പെട്ട സുജിത്തിന്റെ മാതാവും സഹോദരനുമാണ് ഇവർ. സംഭവത്തിൽ ഇവർക്കും പരുക്കേറ്റിരുന്നു. 2016 ഫെബ്രുവരി 15ന് രാത്രി 10.30നായിരുന്നു സംഭവം. സിപിഎം പ്രവർത്തകരായ കെ.കെ.ശ്രീജയൻ, പി.എൻ.സജീന്ദ്രൻ, ലിജീഷ് ചന്ദ്രൻ, പി.രാഹുൽ, പ്രബേഷ് ഭാർഗവൻ, പി.സന്തോഷ്, ആനന്ദ്മോഹൻ, കെ.നിഥിൻ, ജാക്സൺ, വിഷ്ണുശങ്കർ തുടങ്ങിയവരാണ് പ്രതികൾ. വിചാരണ ഇന്നു തുടരും. മരിച്ച സുജിത്തിന്റ പിതാവ് ജനാർദനനെയും അയൽവാസി വിനോദിനെയും വിസ്തരിക്കും. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.ജയറാംദാസും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ബി.പി.ശശീന്ദ്രൻ, അഡ്വ.പി.വി. ഹരി എന്നിവരുമാണ് ഹാജരാവുന്നത്.