വില്ലനാകുന്ന തക്കാളിപ്പനി, പിടിവിടാതെ കോവിഡ്, വേനലിൽ വയറിളക്കവും; ഇവർ ശ്രദ്ധിക്കണം
Mail This Article
കാഞ്ഞങ്ങാട് ∙ ജില്ലയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 975 പേർ ചികിത്സ തേടി എത്തി. ഈ മാസം മാത്രം 16,125 പേരാണ് ചികിത്സ തേടിയെത്തിയത്. മലയോര മേഖലയിൽ പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യ വകുപ്പിന്റെ കണക്കിൽ ജില്ലയിൽ ഈ വർഷം ഇതുവരെ പനി മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയിൽ ഈ വർഷം ഇതുവരെ പനി ബാധിച്ച് ചികിത്സ തേടിയത് 1.18 ലക്ഷം പേരാണ്.
മേയ്, ജൂൺ മാസത്തിൽ മാത്രം 41500 പേർ പനി ബാധിച്ച് ചികിത്സ തേടി. ക്ലിനിക്കുകളിലും ആയുർവേദം, ഹോമിയോ തുടങ്ങിയ ആശുപത്രികളിലും ചികിത്സ തേടി എത്തിയവരുടെ കണക്കു കൂടി പരിശോധിച്ചാൽ പനി ബാധിതരുടെ എണ്ണം ഇരട്ടിയാകും. ഈ മാസം 24 പേർക്കും ഈ വർഷം 150 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ വർഷം 50 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഇതിൽ 25 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ജില്ലയിൽ എച്ച്1 എൻ 1 പനിയും സ്ഥിരീകരിച്ചിരുന്നു. 2 പേർക്കാണ് എച്ച്1 എൻ സ്ഥിരീകരിച്ചത്.
വില്ലനാകുന്ന തക്കാളിപ്പനി
കുട്ടികളാണ് തക്കാളിപ്പനി കൂടുതലായി കണ്ടു വരുന്നത്. ഈ മാസം മാത്രം 13 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഈ വർഷം 120 കേസുകൾ. അസുഖം ബാധിച്ചവർ ഏറെയും സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയും സമീപിക്കുന്നതിനാൽ രോഗബാധിതരുടെ യഥാർഥ കണക്ക് ഇതിലും ഇരട്ടിയാകും.
പിടിവിടാതെ കോവിഡും
ജില്ലയിൽ പ്രതിദിനം 30ന് ഇടയിൽ കോവിഡ് കേസുകൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേന്ദ്ര സർവകലാശാലയിലെ കോവിഡ് വ്യാപനത്തിന് ശേഷം ജില്ലയിൽ പുതിയതായി ക്ലസ്റ്റുകൾ ഉണ്ടായിട്ടില്ലെന്നത് ആശ്വാസമാണ്. കോവിഡ് പരിശോധന കുത്തനെ കുറഞ്ഞതും രോഗബാധിതരുടെ എണ്ണം കുറയാൻ കാരണമായി.
വേനലിൽ വയറിളക്കവും
മുൻ വർഷങ്ങളെ അപേക്ഷിച്ച് വയറിളക്കം ബാധിച്ചവരുടെ എണ്ണം ഇത്തവണ ഏറെയാണ്. ഈ മാസം ഇതുവരെ 1665 പേരാണ് ചികിത്സ തേടിയത്. ഈ വർഷം 12557 പേർ വയറിളക്കം ബാധിച്ച് ചികിത്സ തേടി. കഴിഞ്ഞ വർഷം ജൂൺ വരെ 3000ത്തിൽ താഴെയായിരുന്നു വയറിളക്കം ബാധിച്ചവരുടെ എണ്ണം. വേനൽക്കാലത്താണ് വയറിളക്കം രോഗം കൂടുതലായി ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് രോഗം കൂടുതലായി പടർന്നത്.
ഇവർ ശ്രദ്ധിക്കണം
പ്രമേഹം, രക്തസമ്മർദം, ഹൃദയ സംബന്ധമായ അസുഖം, വൃക്ക, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ പനിക്ക് സ്വയം ചികിത്സ നടത്താതെ ആശുപത്രിയിലെത്തണം. പ്രതിരോധ ശേഷി കുറഞ്ഞവരും ആശുപത്രിയിൽ ചികിത്സ തേടണം. ഗർഭിണികളും പനി ബാധിച്ചാൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.