ലഹരിക്കേസ് പ്രതി കാപ്പ നിയമപ്രകാരം അറസ്റ്റിൽ

Mail This Article
കാഞ്ഞങ്ങാട് ∙ ലഹരി വസ്തു വിതരണം അടക്കമുള്ള കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ബല്ലാ കടപ്പുറം ഷാഹിദ മൻസിലിലെ എം.പി.ജാഫറിനെയാണ് (32) അറസ്റ്റ് ചെയ്തത്. ലഹരിവസ്തു വിതരണം, കവർച്ച എന്നിവ അടക്കം നാലു കേസുകളിൽ പ്രതിയാണ്. ബെംഗളൂരുവിൽ നിന്നു ലഹരിവസ്തു എത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണിയാണെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 10ന് ഇക്ബാൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കൊളവയൽ ജാഗ്രത സമിതി അംഗങ്ങളെ ആക്രമിച്ച കേസിൽ അറസ്റ്റിലായ അജാനൂർ കടപ്പുറത്തെ നൗഷാദിനുമേലും കാപ്പ ചുമത്തി. സംഭവം ദിവസം തന്നെ ഇയാളെ ഡിവൈഎസ്പി: പി.ബാലകൃഷ്ണൻ നായരുടെയും ഇൻസ്പെക്ടർ കെ.പി.ഷൈനിന്റെയും നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചിരുന്നു.
ഓപ്പറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി ലഹരി മരുന്ന് വിതരണക്കാർക്ക് എതിരെ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ ഗുണ്ട നിയമ പ്രകാരം അറസ്റ്റിലാകുന്ന മൂന്നാമത്തെയാളാണ് ജാഫർ. മരക്കാപ്പ് കടപ്പുറത്തെ ശ്യാം മോഹനനെ ഗുണ്ട നിയമ പ്രകാരം നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.