മഞ്ഞംപൊതിക്കുന്ന് ആസ്ട്രോ ടൂറിസം പദ്ധതി: നിർമാണ പ്രവൃത്തി തുടങ്ങി

Mail This Article
മാവുങ്കാൽ ∙ മഞ്ഞംപൊതിക്കുന്നിൽ പരിസ്ഥിതി സൗഹൃദ ആസ്ട്രോ ടൂറിസം പദ്ധതിയുടെ നിർമാണ പ്രവൃത്തി തുടങ്ങി. 5 വർഷം മുൻപ് 4.97 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് പദ്ധതിയുടെ തറക്കല്ലിടലും നടത്തി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) മുഖേന നടപ്പാക്കുന്ന പദ്ധതിക്ക് പര്യാപ്തമായ ഭൂമി ലഭ്യമാവാതെ വന്നതിനെ തുടർന്നു നേരത്തെ ഭരണാനുമതി ലഭിച്ചതിൽ സംഗീത ജലധാരയും ടെലിസ്കോപ്പും പോലുള്ള ചില പദ്ധതികൾ ഒഴിവാക്കി, 3.60 കോടി രൂപയുടെ പുതുക്കിയ നിർദേശം വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ സർക്കാരിനു സമർപ്പിക്കുകയായിരുന്നു.

2022 ഒക്ടോബറിൽ ചേർന്ന വകുപ്പ് തല വർക്കിങ് ഗ്രൂപ്പ് യോഗം ഈ നിർദേശം പരിശോധിച്ച് മഞ്ഞംപൊതിക്കുന്നിൽ ഇക്കോ സെൻസിറ്റീവ് ആസ്ട്രോ ടൂറിസം പദ്ധതിക്കായി 3.60 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പരിഷ്കരിച്ച പദ്ധതി അംഗീകരിക്കുകയായിരുന്നു. ഗേറ്റ് ഹൗസ്, പ്രധാന കെട്ടിടം, മഴവെള്ള സംഭരണി, പടവുകളോടു കൂടിയ പൂന്തോട്ടം, നടപ്പാത, ഇന്റർലോക്, ഫെൻസിങ്, ലാൻഡ്സ്കേപ്, കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ, ഖരമാലിന്യ സംസ്കരണം, ശുദ്ധജലം, സോളർ വിളക്കുകൾ, സെൽഫി പോയിന്റ്, നിരീക്ഷണ ക്യാമറ തുടങ്ങിയവയുൾപ്പെട്ടതാണ് പദ്ധതി.
ഈ വർഷം സെപ്റ്റംബറിൽ പദ്ധതി പ്രവർത്തനക്ഷമമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കല്യാൺറോഡ് മുത്തപ്പൻതറ വഴിയും ആനന്ദാശ്രമം റോഡ് വഴിയും മഞ്ഞംപൊതി കുന്നിലെത്താം. കുന്നിന്റെ സൗന്ദര്യം ആസ്വദിക്കാനും സമീപത്തെ വീരമാരുതി ക്ഷേത്രത്തിലേക്കും നിത്യേന ഒട്ടേറെ സന്ദർശകരെത്താറുണ്ട്. അടിസ്ഥാന സൗകര്യങ്ങളൊരുങ്ങുന്നതോടെ ഇവിടേക്ക് കൂടുതൽ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ.