കളിക്കുന്നതിനിടെ കയ്യിലിരുന്നു പന്നിപ്പടക്കം പൊട്ടി; ആറുവയസ്സുകാരന് അദ്ഭുത രക്ഷപ്പെടൽ

Mail This Article
അഞ്ചൽ ∙ കയ്യിലിരുന്നു പൊട്ടിയ പന്നിപ്പടക്കത്തിൽനിന്ന് ആറുവയസ്സുകാരൻ നിസ്സാരപരുക്കുകളോടെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഉറ്റവർ. ഏരൂർ പാണയം കാഞ്ഞിരംവിള വീട്ടിൽ രേവതിയുടെ മകൻ ആരോണാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. രേവതി രണ്ടുമാസം പ്രായമുള്ള ഇളയ കുട്ടിക്കൊപ്പമായിരുന്നു. ആരോൺ വീടിന്റെ പിൻവശത്തെ മുറ്റത്തു കളിക്കുകയായിരുന്നു. പെട്ടെന്നാണ് ഉഗ്രസ്ഫോടനം നടന്നത്.
രേവതി ഓടിച്ചെല്ലുമ്പോൾ കാണുന്നതു മുറിവേറ്റ കൈകളുമായി നിലവിളിക്കുന്ന ആരോണിനെ. ചുറ്റും കരിമരുന്നിന്റെ ഗന്ധം, ചിതറിയ കുപ്പിച്ചില്ലുകൾ. രേവതിയുടെ അച്ഛൻ രാജൻകുട്ടിയും അമ്മ ശോഭനകുമാരിയും എത്തി കുഞ്ഞിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നൂലിൽ പൊതിഞ്ഞ ‘പന്ത്’ എടുത്തു കളിച്ചതാണെന്നാണ് ആരോൺ പറയുന്നത്.
കയ്യിലിരുന്നു പൊട്ടിയ പന്നിപ്പടക്കം കുതിച്ചുയർന്നു മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റ് തകർത്തു ചിതറി. പടക്കത്തിന്റെ പ്രഹരശേഷി കൂട്ടാൻ ഉപയോഗിക്കുന്ന കുപ്പിച്ചില്ലുകളും മറ്റും ഭാഗ്യത്തിനു കുട്ടിയുടെ ദേഹത്തു തുളച്ചു കയറിയില്ല. കൈകൾക്കു പൊള്ളലുണ്ട്. ഇവിടം വനത്തോടു ചേർന്ന പ്രദേശമാണ്. കാട്ടുപന്നികളെ വക വരുത്താൻ ആരെങ്കിലും പന്നിപ്പടക്കം എത്തിച്ചതാക്കാമെന്നാണു സംശയം. ഏരൂർ പൊലീസിൽ പരാതി നൽകി.