കല്ലുംകടവ് പാലം തകർച്ച; അറ്റകുറ്റപ്പണി തുടങ്ങി

Mail This Article
കൊല്ലം∙ കഴിഞ്ഞ ദിവസം രാത്രി തകർന്ന പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പത്തനാപുരം കല്ലുംകടവ് പാലത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. 3 ദിവസത്തിനകം ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാനാകുമെന്നാണു കരുതുന്നത്. തകർന്ന ഭാഗത്ത് കോൺക്രീറ്റ് കട്ടകൾ ഇട്ട് ഉയർത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. കൊച്ചിയിലേക്കു ചരക്കുമായി പോയ ലോറി പാലത്തിൽ കയറിയപ്പോഴാണ് ഒരു വശം ഇടിഞ്ഞു താഴ്ന്നത്.
വണ്ടി പെട്ടെന്നു മുന്നോട്ട് എടുത്തതിനാൽ വൻ ദുരന്തം ഒഴിവായി. പാലവും അനുബന്ധ റോഡും ചേരുന്ന ഭാഗത്തെ മണ്ണ് പൂർണമായും ഇളകി മാറിയിരുന്നു. അറ്റകുറ്റപ്പണികൾക്കായി മണ്ണ് നീക്കി തുടങ്ങിയതോടെ ഇപ്പോൾ റോഡ് തുടങ്ങുന്ന ഭാഗത്തിന്റെ പകുതിയിലധികവും ഇളകി മാറിയ നിലയിലാണ്. 40 വർഷം പഴക്കമുള്ള പാലമാണ് തകർന്നത്. സമീപം പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചപ്പോൾ അപകടത്തിലായ പാലത്തിന്റെ തൂണിന്റെ വശത്തെ സംരക്ഷണ ഭിത്തിയും മണ്ണും നീക്കം ചെയ്തിരുന്നു.
പകരം ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് ചെറിയ രീതിയിലുള്ള സംരക്ഷണം മാത്രമാണ് നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ പെയ്തതോടെ പാലത്തിന്റെ വശം ഇരുന്നു പോകുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.പാലം അടച്ച് ഗതാഗതം നിർത്തിവച്ചതോടെ തമിഴ്നാട്ടിൽ നിന്ന് ആലപ്പുഴ, എറണാകുളം ഭാഗത്തേക്കുള്ള യാത്രകൾക്ക് എംസി റോഡിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കൊല്ലം– പത്തനംതിട്ട വഴിയും അടഞ്ഞു. ശബരിമല തീർഥാടകരുടെ പ്രധാന പാത കൂടിയായിരുന്നു ഇത്.
ബദൽ യാത്രാ മാർഗങ്ങൾ
∙പത്തനംതിട്ട-എരുമേലി-പാല, -ഇടുക്കി-കുമളി മേഖലകളിലേക്ക് പോകുന്നവർ പത്തനാപുരം ടൗണിൽ നെടുംപറമ്പിലോ ജനതാ ജംക്‌ഷനിലോ എത്തി പാതിരിക്കൽ-ഇടത്തറ റോഡിലൂടെ ഇടത്തറ ജംക്‌ഷനിൽ എത്തി പത്തനംതിട്ട റോഡിലേക്കു പ്രവേശിക്കണം. തിരികെ പുനലൂർ-തെങ്കാശി ഭാഗങ്ങളിലേക്കു പോകുന്നവരും കൊട്ടാരക്കരയിലേക്ക് പോകുന്നവരും ഈ റോഡിലൂടെ വേണം പോകാൻ.
∙ ആലപ്പുഴ-എറണാകുളം-കോട്ടയം ഭാഗത്തേക്കു പോകുന്നവർക്ക് നടുക്കുന്ന് മഞ്ചള്ളൂർ-കുണ്ടയം-ഷാപ്പ് മുക്ക്- വഴി ശാലേംപുരം ജംക്‌ഷനിലെത്തി അടൂർ-കായംകുളം റോഡിലേക്കു പ്രവേശിക്കാം. പുനലൂർ-തെങ്കാശി, കൊട്ടാരക്കര എന്നിവിടങ്ങളിലേക്കു പോകാനെത്തുന്നവർക്കും ഈ പാത ഉപയോഗിക്കാം.
∙ ചരക്ക് വാഹനങ്ങളും വലിയ വാഹനങ്ങളും പുനലൂരിൽ നിന്നു ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലേക്കു പോകണം. കൊട്ടാരക്കരയിലെത്തി എംസി റോഡിലൂടെ കോട്ടയത്തിനും ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യാം.
പാലം തകർന്നതെങ്ങനെ?

1982 ലാണ് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കല്ലുംകടവ് പാലം നിർമ്മിക്കുന്നത്. 40 വർഷം. റോഡ് നവീകരണത്തിനൊപ്പം പുതിയ പാലത്തിന്റെ നിർമാണം ആരംഭിക്കുന്നത് 1 വർഷം മുൻപും. ഇതിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണ്. കല്ലുംകടവ് പാലത്തിന്റ നിർമാണത്തിൽ അപാകതകൾ സംഭവിച്ചിട്ടുണ്ടെന്നും അതുംകൊണ്ടാണ് വെറും 40 വർഷത്തെ മാത്രം പഴക്കമുള്ള പാലം തകർന്നതെന്നുമാണ് പാലം പരിശോധിച്ച ഉദ്യോഗസ്ഥർ പറയുന്നത്. അതേ സമയം പുതിയ പാലത്തിന്റെ പണി ആരംഭിച്ചപ്പോൾ എടുക്കേണ്ടിയിരുന്ന മുൻകരുതലുകളുടെ അഭാവമാണ് പാലം തകർന്നതിന് പിന്നിലെന്നും ആരോപണം ഉയരുന്നുണ്ട്.
പഴയ പാലം നിലനിർത്താനും പണി പൂർത്തിയാകുമ്പോൾ രണ്ട് പാലങ്ങൾ വഴിയും ഓരോ വശത്തേക്ക് വാഹനങ്ങൾ കടത്തിവിടാനുമായിരുന്നു പദ്ധതി.പുതിയ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി അപകടത്തിലായ പാലത്തിന്റെ തൂണിന്റെ വശത്തെ സംരക്ഷണ ഭിത്തിയും മണ്ണും നീക്കം ചെയ്തിരുന്നു. പകരം ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് ചെറിയ രീതിയിലുള്ള സംരക്ഷണം മാത്രമാണ് നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ പെയ്തതോടെ പാലത്തിന്റെ വശം ഇരുത്തുകയായിരുന്നു.
ഇങ്ങിനെ ഇരുത്തിയതിന്റെ ഫലമായി ജല അതോറ്റി പൈപ്പ് പൊട്ടുകയും ചെയ്തു. ശക്തിയായി ഒലിച്ചിറങ്ങിയ വെള്ളത്തിനൊപ്പം മണ്ണും ഒലിച്ചു പോകുകയായിരുന്നുവെന്നാണ് നിഗമനം. 80 സെ.മീ മാത്രം അകലമുള്ള പാലം പൂർത്തിയാകുന്നതോടെ പഴയ പാലം സ്വാഭാവികമായി ബലപ്പെട്ടു കൊള്ളുമെന്ന നിഗമനത്തിലായിരുന്നു കരാറുകാരൻ. മറു വശത്തും ഇതേ രീതിയിലാണ് പുതിയ പാലത്തിന്റെ തൂണ് നിർമിച്ചത്. അവിടെ മറ്റു കുഴപ്പങ്ങളില്ലാത്തതും ഈ വശത്തും ഇത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിച്ചു.
കല്ലുകടവ് പാലം അപകടദിനം രാത്രി ഇങ്ങനെ
വെള്ളി രാത്രി 10.55: തടി കയറ്റി പോയ വാനും ലോറിയും ഒരേ സമയം പാലത്തിന്റെ തെക്ക് വശത്ത്. ഉഗ്ര ശബ്ദം കേട്ടതോടെ രണ്ട് വാഹനങ്ങളും വേഗത്തിൽ മുന്നോട്ടെടുത്ത് റോഡിലേക്ക് കയറ്റി നിർത്തിയിട്ടു.
11: പാലത്തിന്റെ തെക്ക് വശം ഇരുത്തിയെന്നു ബോധ്യമായി. വെട്ടമില്ലാത്തതിനാൽ കൂടുതൽ കാര്യങ്ങൾ മനസിലായില്ല.
11.10: പാലത്തിന്റെ അടിയിൽ നിന്നും ശക്തിയായി ഒലിക്കുന്ന വെള്ളത്തിനൊപ്പം മണ്ണ് ഒലിച്ചിറങ്ങിയത് ആശങ്ക വർധിപ്പിച്ചു.
11. 20: വെള്ളമൊഴുക്കിന്റെ ശക്തി കുറഞ്ഞെങ്കിലും മണ്ണ് ഇടിയുന്നത് തുടർന്നു കൊണ്ടേയിരുന്നു.
11.30: പൊലീസ് എത്തി, പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി അറിയിച്ചു. രണ്ട് വശത്തും ബാരിക്കേഡുകൾ വച്ച് വാഹനങ്ങൾ തടഞ്ഞ പൊലീസ് കാൽനട യാത്രയും അനുവദിച്ചില്ല.
11.40: ശക്തമായ മഴ തുടങ്ങി, അപകടത്തിലായ പാലത്തിന്റെ സമീപത്തായി നിർമിക്കുന്ന പുതിയ പാലത്തിനോടു ചേർന്ന ഭാഗത്തെയും മണ്ണ് ഇടിഞ്ഞു താണു തുടങ്ങി.
ഇവിടെ സ്ഥാപിച്ചിരുന്ന 11കെവി വൈദ്യുതി തൂൺ ഉൾപ്പെടെ മണ്ണിടിഞ്ഞു നിലം പതിച്ചു. തൂണിൽ നിന്നും വൈദ്യുതി കമ്പികൾ വിശ്ഛേദിച്ചതും, സമീപത്തെ പെട്രോൾ പമ്പിന്റെ ഭാഗത്തേക്ക് കമ്പികൾ പതിച്ചതും ആശങ്ക വർധിപ്പിച്ചു.
12.40: കെഎസ്ടിപി ചീഫ് എൻജിനീയർ കെ. എസ്. ലിസി, അസി.എൻജിനീയർ ദീപ എന്നിവർ സ്ഥലത്തെത്തി. പ്രകാശം ഇല്ലാത്തതിനാലും മഴ തുടരുന്നതിനാലും രാവിലെയെത്തി വിശദ പരിശോധനയ്ക്ക് ശേഷം തകർച്ച പരിഹരിക്കുമെന്ന് അറിയിച്ചു.
ഇന്നലെ രാവിലെ 7ന് ഉദ്യോഗസ്ഥർ വീണ്ടുമെത്തി, സ്ഥല പരിശോധന നടത്തുകയും പാലത്തിന്റെ അടിയിലേക്ക് കൂടുതൽ മണ്ണ് നീക്കം ചെയ്തു ബലക്ഷയം പരിശോധിക്കാനും തീരുമാനിച്ചു.
8.00, കൂടുതൽ യന്ത്രങ്ങളെത്തി, നവീകരണ പ്രവർത്തികൾ തുടങ്ങി.
11.00: നവീകരണത്തിനാവശ്യമായ കോൺക്രീറ്റ് ബ്ലോക്കുകൾ എത്തിച്ചു, പക്ഷേ പാലത്തിന്റെ വശത്തെ മണ്ണ് നീക്കം ചെയ്യുന്തോറും കൂടുതൽ മണ്ണ് ഇടിഞ്ഞു വീഴുന്നത് നവീകരണത്തെ പ്രതികൂലമായി ബാധിച്ചു.
വൈകിട്ട് 5ന്. മണ്ണും ടാറിങ്ങും ഇടിഞ്ഞു വീഴുന്നത് തുടരുകയാണെങ്കിലും ആദ്യത്തെ കോൺക്രീറ്റ് ബ്ലോക്ക് സ്ഥാപിച്ചു. രാത്രി വൈകിയും നിർമാണം തുടരുകയാണ്.
ചെറിയ വാഹനങ്ങൾ മാത്രം
പാലം അടച്ചതോടെ സമീപജില്ലകളിലേക്ക് കടക്കാനുള്ള ഏറ്റവും എളുപ്പമാർഗമാണ് അടഞ്ഞത്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലേക്ക് പോകാൻ ഇടറോഡുകളെ ആശ്രയിക്കേണ്ടി വരും. പത്തനംതിട്ട,കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലുള്ളവർക്ക് തിരുവനന്തപുരം മെഡിക്കൽ കോളജ്, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴിയായിരുന്നു ഇത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്ന് തെങ്കാശ്ശി വഴി എത്തുന്ന ശബരിമല തീർഥാടകരും ആശ്രയിച്ചിരുന്നത് ഈ വഴിയാണ്. ബദൽ പാതകളെ ആശ്രയിക്കേണ്ടി വരുമ്പോൾ ഇരുവശത്തേക്കും ഏകദേശം 25 കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വരും.
തമിഴ്നാട് നിന്നും ആലപ്പുഴ, എറണാകുളം ജില്ലകളിലേക്കുള്ള ചരക്കുനീക്കത്തെയും യാത്രാദുരിതം ബാധിക്കും. പത്തനാപുരം ടൗണിലേക്ക് പ്രവേശിക്കാനുള്ള വഴിയാണ് കല്ലുംകടവ് പാലം. സ്കൂൾ, ഓഫിസ് യാത്രകൾക്ക് ഇടറോഡുകളെ ആശ്രയിക്കേണ്ടി വരുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായേക്കും. അറ്റകുറ്റപ്പണികൾ പൂർത്തിയായാലും പുതിയ പാലത്തിന്റെ നിർമാണം കഴിയുന്നതുവരെ ചെറു വാഹനങ്ങൾക്ക് മാത്രമാകും കടന്നു പോകാൻ അനുമതി ലഭിക്കുക.
അന്വേഷണം നടത്തും: മന്ത്രി
കല്ലുംകടവ് പാലത്തിന്റെ തകർച്ച സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കെ.യു.ജനീഷ് കുമാർ എംഎൽഎയ്ക്ക് ഉറപ്പ് നൽകി. തകർന്ന പാലം സന്ദർശിക്കാനെത്തിയ ജനീഷ് കുമാർ എംഎൽഎയോട് ജനപ്രതിനിധികളും പ്രദേശവാസികളും ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, മന്ത്രി മുഹമ്മദ് റിയാസിനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. നവീകരണത്തിലുള്ള റോഡിന്റെ വീതി, അലൈൻമെന്റ് എന്നിവ സംബന്ധിച്ച് വ്യാപകമായി പരാതി നിലവിലുള്ളതായി പഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസി ബോധ്യപ്പെടുത്തി. പഞ്ചായത്ത് ഉന്നയിക്കുന്ന വിഷയങ്ങൾ നേരിട്ട് മനസ്സിലാക്കി റിപ്പോർട്ട് നൽകാൻ ചീഫ് എൻജിനീയറോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.