ADVERTISEMENT

ചവറ∙ കെഎംഎംഎൽ ഖനനം മൂലം  കോവിൽത്തോട്ടത്തു രൂപപ്പെട്ട ഗർത്തത്തിന്റെ വശം ഇടിഞ്ഞു താഴ്ന്നതോടെ സമീപത്തെ വീട് അപകടാവസ്ഥയിലായി. കഴിഞ്ഞ ദിവസം ചവറയിലെത്തിയ ജില്ലാ കലക്ടറെ നേരിട്ട് കണ്ട് ജനപ്രതിനിധികൾ വിവരം ധരിപ്പിച്ചതിനെ തുടർന്ന് കലക്ടർ എൻ.ദേവിദാസ് സ്ഥലത്ത് എത്തി കുടുംബത്തെ ഉടൻ മാറ്റാൻ നിർദേശം നൽകി. തിങ്കൾ രാത്രി ഉണ്ടായ മഴയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഏത് നിമിഷവും ആഴമേറിയ ഗർത്തത്തിലേക്ക് പതിക്കാവുന്ന നിലയിലാണ് വീട്. ജോയി ഭവനം സോജയും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. വൈദ്യുതത്തൂൺ തകർന്ന് കുഴിയിലേക്ക് പതിച്ചതിനാൽ വെളിച്ചവും ഇല്ലാതായി.  കെഎംഎംഎൽ പ്രദേശവാസികളെ കുടിയൊഴിപ്പിച്ച ശേഷം ഖനനം നടത്തിക്കൊണ്ടിരുന്ന പ്രദേശമാണിവിടം. ഖനനം നടത്താൻ കെഎംഎംഎൽ ഭൂമി ഏറ്റെടുക്കുകയും താമസിച്ചവരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. 

എന്നാൽ ഇവരുടെ വീട് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഈ ഒരു വീട് മാത്രമാണ് കോവിൽത്തോട്ടം തീരത്തുള്ളത്. കടലിനും ദേശീയ ജലപാതയ്ക്കും ഇടയിലാണ് വീട്. ഖനനം മൂലം രൂപപ്പെട്ട ആഴമേറിയ ഗർത്തത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് മനോരമ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടിനു സംരക്ഷണ ഭിത്തി കെട്ടി നൽകാൻ നിർദേശിച്ച കലക്ടർ  ഇവരുടെ പുനരധിവാസം സംബന്ധിച്ച് കെഎംഎംഎല്ലുമായി ചർച്ച നടത്തുമെന്നും അറിയിച്ചു. ഇതോടൊപ്പം ഇതുവഴിയുള്ള റോഡ് സുരക്ഷിതമാക്കാനും നിർദേശം നൽകിയാണ് അദ്ദേഹം മടങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ.സുരേഷ് കുമാർ, തഹസിൽദാർ പി.ഷിബു, പഞ്ചായത്ത് സെക്രട്ടറി ടി.ശിവകുമാർ, പഞ്ചായത്തംഗം ആൻസി ജോർജ് എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com