കല്ലട പരപ്പാർ അണക്കെട്ട് സന്ദർശനം: വിനോദ സഞ്ചാരികൾക്ക് നിബന്ധനകൾ കർശനമാക്കി

Mail This Article
തെന്മല∙ ഇക്കോ ടൂറിസം മേഖലയിലെ അതീവ സുരക്ഷാ മേഖലയായ കല്ലട പരപ്പാർ അണക്കെട്ടിൽ പ്രവേശിക്കുന്ന വിനോദ സഞ്ചാരികൾക്ക് കല്ലട പദ്ധതി (കെഐപി) സുരക്ഷ സംബന്ധിച്ചു പുതിയ നിർദേശങ്ങൾ ഏർപ്പെടുത്തി. അണക്കെട്ടിൽ പ്രവേശിക്കുന്ന കവാടത്തിൽ സഞ്ചാരികൾ അവരവരുടെ വിവരങ്ങൾ നൽകി ടിക്കറ്റ് എടുത്ത് അകത്തേക്കു കടന്ന ശേഷം തിരികെ ഈ കവാടത്തിലൂടെ പുറത്തേക്കു കടക്കണമെന്നാണ് മുഖ്യനിർദേശം. അണക്കെട്ടിൽ മതിയായ സുരക്ഷ പാലിക്കാതെയാണ് സഞ്ചാരികളെ കടത്തി വിടുന്നതെന്നും പുറത്തേക്കു കടക്കുന്നതിന്റെ വിവരശേഖരണം ഇല്ലെന്നും അടക്കമുള്ള ഒട്ടേറെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഈ വാർത്ത കഴിഞ്ഞ ഡിസംബർ ഒന്നിനു മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. അണക്കെട്ട് കവാടത്തിലൂടെ അകത്തേക്കു കടന്ന ശേഷം ഡാം ടോപ്പിലെ മറ്റൊരു വഴിയിലൂടെയായിരുന്നു സഞ്ചാരികൾ പുറത്തേക്കു കടന്നിരുന്നത്. ഈ വഴിയിലെ കവാടം കെഐപി അടച്ചു പൂട്ടി. കവാടത്തിലൂടെ കയറിയവർ അത്രയും ഈ വഴിയിലൂടെ പുറത്തേക്കു പോയതിനു രേഖകൾ ശേഖരിച്ചിരുന്നില്ല. ഈ വഴി അനധികൃതമായി അണക്കെട്ടിൽ കടന്നു കയറുന്നതിനും വനമേഖലയിൽ തമ്പടിക്കുന്നതിനും ഇടയാക്കുന്നതായി മുൻപു കണ്ടെത്തിയിരുന്നു.
ശെന്തുരുണി വന്യജീവി സങ്കേതം ജീവനക്കാരും മറ്റു വനംവകുപ്പ് ജീവനക്കാരും ഈ വഴിയിലൂടെയാണ് അണക്കെട്ടിനു സമീപത്തെ വനമേഖലകളിലേക്കു പോയിവന്നിരുന്നത്. അണക്കെട്ടിൽ പ്രവേശിക്കുന്നതിനു വനംവകുപ്പും ഈ വഴി ഉപയോഗിക്കരുതെന്നും അണക്കെട്ട് കവാടത്തിലൂടെ പ്രവേശിക്കണമെന്നുമാണു കെഐപിയുടെ പുതിയ നിർദേശം. അണക്കെട്ടിൽ കടക്കുന്നവർ ആരെന്നോ ഇവർ സന്ദർശനത്തിനു ശേഷം പുറത്തേക്കു കടന്നതിനോ വിവരങ്ങൾ ശേഖരിച്ചിരുന്നില്ല.
മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്നു സംശയിക്കുന്ന കേരള തമിഴ്നാട് വനമേഖല പങ്കിടുന്ന ശെന്തുരുണി വന്യജീവി സങ്കേതം മേഖലയിലാണ് അണക്കെട്ട്. 2 വർഷം മുൻപ് അണക്കെട്ടിൽ സർക്കാർ ഏജൻസി നടത്തിയ പരിശോധനയിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും സിസിടിവി. മെറ്റൽ ഡിറ്റക്ടർ ഫ്രെയിം, സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ (എസ്ഐഎസ്എഫ്) സുരക്ഷ ചുമതല ഏൽപ്പിക്കുക തുടങ്ങിയവ അടക്കമുള്ള സുരക്ഷകൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
സർക്കാർ അംഗീകൃത ഏജൻസിക്കാണ് അണക്കെട്ടിന്റെ സുരക്ഷ ചുമതലയുള്ളത്. 15 അംഗ സംഘത്തിലെ 5 പേർ വീതമാണു സുരക്ഷാ ജോലി ചെയ്യുന്നത്. ഡാം ടോപ്പിലൂടെ പുറത്തേക്കു കടക്കുന്ന വഴിയിലെ കവാടം കെഐപി അടച്ചു പൂട്ടിയതോടെ ഈ ഭാഗത്തെ പുറമ്പോക്കിൽ കടകൾ നടത്തുന്നവരുടെ ജീവിതം ദുരിതത്തിലാകുമെന്നു പരാതി ഉയർന്നു.
സഞ്ചാരികൾ ഇതു വഴി പുറത്തേക്കു വരാതായാൽ കച്ചവടം പൂട്ടേണ്ടി വരുമെന്നാണു കച്ചവടക്കാരുടെ പരാതി. അണക്കെട്ടിൽ കയറി തിരികെ പുറത്തു കടക്കുന്നവരുടെ വിവരങ്ങൾ അടച്ചു പൂട്ടിയ കവാടത്തിലും സുരക്ഷാ ജീവനക്കാരെ ഉപയോഗിച്ചു ശേഖരിച്ചാൽ പരാതിക്കു പരിഹാരമാകുമെന്നു പറയുന്നു.