ജോസിന്റെ തങ്കമനസ്സ്, നല്ല മനസ്സ്...; 3 സെന്റ് ഭൂമി റെജീനയ്ക്കും കുടുംബത്തിനും സൗജന്യമായി നൽകി ജോസ്

Mail This Article
കടുത്തുരുത്തി ∙ ജോസിന്റെ കാരുണ്യത്തിൽ റെജീനയും കുടുംബവും ഇനി മൂന്ന് സെന്റ് ഭൂമിയുടെ ഉടമകൾ. സ്ഥലവും വീടും ഇല്ലാതെ ബന്ധുവിന്റെ പറമ്പിൽ പ്ലാസ്റ്റിക് ഷീറ്റിനടിയിൽ വർഷങ്ങളായി കഴിഞ്ഞിരുന്ന പട്ടിക വർഗ വിഭാഗത്തിൽ പെട്ട ഞീഴൂർ ചിറനിരപ്പ് പുൽക്കുന്നേൽ റെജീന മോഹനും ( 42) കുടുംബത്തിനുമായി മുട്ടുചിറ പറക്കാട്ടിൽ ജോസ് മൂന്ന് സെന്റ് സ്ഥലം ആധാരം ചെയ്ത് രേഖകൾ കൈമാറി. മകന് വീട് നിർമിക്കാൻ കാപ്പുന്തലയിൽ വാങ്ങിയ അരയേക്കർ സ്ഥലത്തിൽ നിന്നും മൂന്ന് സെന്റ് ഭൂമിയാണ് ജോസ് റെജീനയ്ക്കും കുടുംബത്തിനും സൗജന്യമായി നൽകിയത്.
ഈ സ്ഥലത്ത് വീട് നിർമിച്ചു നൽകാമെന്ന വാഗ്ദാനവുമായി നാട്ടുകാരനായ പ്രവാസി മലയാളിയും എത്തിയിട്ടുണ്ട്. ഇതോടെ ഈ കുടുംബത്തിന് സ്വന്തമായി വീടും ലഭിക്കുമെന്ന് ഉറപ്പായി. ചിറനിരപ്പിൽ ബന്ധുവിന്റെ സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റിനടിയിൽ താമസിക്കുകയായിരുന്നു റെജീനയും ഭർത്താവ് മോഹനനും , മക്കളായ പ്ലസ് ടു വിദ്യാർഥി മിഥുനും , 9 –ാം ക്ലാസ് വിദ്യാർഥിനി മൃദുലയും . പകൽ കുടുംബം ഇവിടെ കഴിച്ചു കൂട്ടും. രാത്രിയായാൽ ഓരോരുത്തർ വീതം സമീപമുള്ള ഓരോ വീടുകളിൽ അഭയം തേടും. ഭക്ഷണം പാചകം ചെയ്യുന്നത് സമീപമുള്ള വീട്ടുകാരുടെ കാരുണ്യത്താൽ അവരുടെ അടുക്കളയിലാണ്.
പാചകം ചെയ്ത ഭക്ഷണം പുരയിടത്തിലോ വഴിയിലോ ഇരുന്ന് നാലുപേരും കഴിക്കും. വർഷങ്ങളായി ഇതാണ് ഈ കുടുംബത്തിന്റെ സ്ഥിതി . ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് 110 കെവി വൈദ്യുതി ലൈനിന്റെ ടവർ നിർമിക്കുന്നതിനാൽ ഇവിടെ നിന്നു മാറാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കുടുംബത്തിന്റെ ദയനീയ സ്ഥിതി മനോരമ ചിത്രം സഹിതം പ്രസിദ്ധീകരിച്ചതോടെയാണ് കുറുപ്പന്തറയിൽ താമസിക്കുന്ന ജോസ് പാറേക്കാട്ട് മൂന്ന് സെന്റ് സ്ഥലം റെജീനയ്ക്കും കുടുംബത്തിനും സൗജന്യമായി നൽകാൻ തീരുമാനിച്ചത്.
ഇവർക്ക് സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇല്ല. നാലംഗ കുടുംബം ഏറെ നാൾ പല ബന്ധു വീടുകളിലായി താമസിച്ചു. മോഹനൻ കൂലി പണിക്ക് പോയി ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. റെജീന വീട്ടു ജോലികൾക്ക് പോയിരുന്നു ഇപ്പോൾ ജോലിയില്ല. സ്വന്തമായി സ്ഥലം വാങ്ങാനോ വീട് പണിയാനോ ഈ പട്ടിക വർഗ കുടുംബത്തിന് നിവൃത്തിയില്ല. സ്ഥലം ആധാരം ചെയ്ത് റെജീനയുടെയും കുടുംബത്തിന്റെയും പേരിലാക്കി ജോസ് കൈമാറി. പഞ്ചായത്ത് അംഗം ടെസി സിറിയക്, ജിനീഷ് ജോൺ എന്നിവർ പങ്കെടുത്തു. വീടിന്റെ നിർമാണം ഉടൻ ആരംഭിക്കും.