ADVERTISEMENT

കുറുപ്പന്തറ  ∙ ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്ന് അറബിക്കടലിൽ അപകടത്തിൽപെട്ട ബാർജിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയതാണ് കുറുപ്പന്തറ പഴുക്കാത്തറ ജോസഫ് ജോർജ് ( 52).  തിരമാലകൾ അലറിയടുക്കുന്ന കടലിൽ 13 മണിക്കൂർ ഒഴുകി നടന്നു, മരണത്തെ മുന്നിൽ കണ്ടു. ഒടുവിൽ നാവിക സേനയുടെ കപ്പലെത്തി രക്ഷിച്ചു. പത്തു വർഷം മുൻപാണ് ജോസഫ് ജോർജ് മുംബൈയിൽ മാത്യൂസ് അസോസിയേറ്റ്സ് എന്ന കമ്പനിയിൽ ജോലിക്കു കയറിയത്. 

ആറ് മാസം മുൻപ് ബാർജിൽ വെൽഡർ ഫോർമാനായി. ജോസഫ് ജോർജ് ആ അനുഭവം വിവരിക്കുന്നു: കഴിഞ്ഞ 17 ന് വൈകിട്ട് അഞ്ചര കഴിഞ്ഞു. എണ്ണ ഖനന കേന്ദ്രമായ ബോംബെ ഹൈയിലായിരുന്നു ഞങ്ങളുടെ ബാർജ്.   ചുഴലിക്കാറ്റ് വീശാൻ തുടങ്ങി. കാറ്റിനെപ്പറ്റി ക്യാപ്റ്റനു മുന്നറിയിപ്പ് സൂചന ലഭിച്ചതിനാൽ രണ്ടു ദിവസം മുൻപേ ജോലികൾ അവസാനിപ്പിച്ച് ബാർജ് നിർത്തിയിരിക്കുകയായിരുന്നു. ചുഴലിക്കാറ്റിൽ വീശിയടിക്കുന്ന തിരമാലകൾ ബാർജിനെ ആക്രമിച്ചു. 

കന്റീൻ ഭാഗമാണ് ആദ്യം മുങ്ങിയത്. പിന്നെ ബാർജ് ആകെ മുങ്ങിത്തുടങ്ങി. ക്യാപ്റ്റൻ വോക്കി ടോക്കിയിലൂടെ നാവികസേനയുടെ സഹായം തേടുന്നത് കേൾക്കാമായിരുന്നു. ബാർജിൽ തുള വീണ് മുങ്ങാൻ ആരംഭിച്ചതോടെ പലരും രക്ഷതേടി കടലിലേക്കു ചാടാൻ തുടങ്ങി.  273 ജീവനക്കാരാണ് ഞങ്ങളുടെ ബാർജിലുണ്ടായിരുന്നത്. ഞങ്ങൾ അഞ്ച് പേർ ലൈഫ് ജാക്കറ്റ് അണിഞ്ഞ് കൈ കോർത്ത് പിടിച്ചാണ് കടലിലേക്കു ചാടിയത്. 30 അടി ഉയരത്തിൽ നിന്നായിരുന്നു ചാട്ടം.

ശക്തമായ ഒഴുക്കും തിരമാലയും കാരണം ഏറെ നേരം കഴിഞ്ഞാണ് കടലിൽ നിന്ന് ഉയർന്നു വരാൻ പറ്റിയത്. തിരയും ഒഴുക്കും കാരണം എല്ലാവരും കൈവിട്ട് പോയി. ശക്തമായ ഇരുട്ടും തിരമാലയും മഴയും കാരണം ആരെയും കാണാനും പറ്റിയില്ല. ജീവനോടെ ഉണ്ടാകുമെന്ന പ്രതീക്ഷയേ ഉണ്ടായിരുന്നില്ല. രക്ഷാപ്രവർത്തനത്തിനെത്തിയ നാവികസേനാ കപ്പലിൽ നിന്നുള്ള വെളിച്ചം ഇടയ്ക്കു കാണാൻ പറ്റി. 

കപ്പലിനരികിലേക്ക് നീന്താൻ ശ്രമിച്ചു. കപ്പലിൽ നിന്നു കയർ എറിഞ്ഞു തന്നു. ഒന്നു രണ്ടുതവണ പിടിത്തം കിട്ടിയെങ്കിലും വലിയ തിരയിൽ ദൂരേക്ക് എടുത്തെറിയപ്പെട്ടു. ഒടുവിൽ എങ്ങനെയോ കയറിൽ പിടിത്തം കിട്ടുകയും രക്ഷപ്പെടുകയുമായിരുന്നു. നേവിയുടെ കപ്പലിൽ മുംബൈയിലെത്തി.

അവിടെ നിന്ന് കമ്പനി അധികൃതരുടെ ബസിൽ ഹോട്ടലിൽ എത്തി. അവിടെ നിന്ന് സഹോദരൻ തോമസ് ജോർജ് കൂട്ടിക്കൊണ്ടു പോയി. കഴിഞ്ഞ ദിവസം ട്രെയിനിൽ നാട്ടിൽ എത്തുകയായിരുന്നു. അപകടത്തിന്റെ ഞെട്ടലിൽ നിന്നും ഇപ്പോഴും മുക്തനായിട്ടില്ല. രാത്രിയിൽ ഉറക്കം നഷ്ടപ്പെട്ട സ്ഥിതിയാണ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com