ADVERTISEMENT

കൂട്ടിക്കൽ ∙ കനത്ത മഴയിൽ ഇളംകാട് ടോപ്പ് ഭാഗത്ത് വീണ്ടും ഉരുൾപൊട്ടൽ. ജനവാസ മേഖലയല്ലാത്തതിനാൽ അപകടം ഒഴിവായി. ഇന്നലെ വൈകിട്ട് നാലിന് മ്ലാക്കര, മൂപ്പൻമല, 39 ഭാഗം പ്രദേശങ്ങളിലായി മൂന്ന് ഉരുൾപൊട്ടലുണ്ടായെന്നാണ്  പ്രാഥമിക നിഗമനം.  തോടുകൾ കരകവിഞ്ഞ് ഒഴുകിയതോടെയാണ് ആളുകൾ സംഭവം അറിഞ്ഞത്. മ്ലാക്കര പ്രദേശത്ത് 8 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

പുല്ലകയാറ്റിൽ വെള്ളം ഉയർന്നതോടെ, തീരത്തുള്ളവരോട് മാറാൻ നിർദേശം നൽകി. പത്തു വീടുകളിൽ വെള്ളം കയറി. കഴിഞ്ഞ ഉരുൾപൊട്ടലിൽ മ്ലാക്കര, മൂപ്പൻമല പാലങ്ങൾ തകർന്നിരുന്നു. ഇവിടെ നാട്ടുകാരുടെ നേതൃത്വത്തിൽ താൽക്കാലികമായി പാലം നിർമിച്ചിരുന്നു. ഇതിൽ മ്ലാക്കര പാലത്തിന്റെ തൂണുകൾ വീണ്ടും തകർന്നു. 

വെള്ളമെത്തുന്നതറിഞ്ഞ് കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്തും മുണ്ടക്കയത്തും തീരദേശത്തുള്ള ആളുകളെ മാറ്റി. ഇന്നലെ വൈകിട്ട് മൂന്നു മുതൽ മൂപ്പൻമല പ്രദേശങ്ങളിൽ ശക്തമായി മഴയുണ്ടായിരുന്നു. അഗ്നിരക്ഷാസേനയും പൊലീസും എത്തി മുൻകരുതലുകൾ സ്വീകരിച്ചു. എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി.

കൂട്ടിക്കൽ മേഖലയിൽ ഇന്ന് ഗവർണർ എത്തുന്നു

ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തകർത്തെറിഞ്ഞ കൂട്ടിക്കൽ മേഖലയിലെ ജനങ്ങളുടെ ദുരിതം നേരിട്ടു കണ്ടറിയാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പ്രളയ മേഖലകൾ സന്ദർശിക്കും.ഗവർണർ ഇന്നലെ വൈകിട്ട് കോട്ടയത്ത് എത്തി. നാട്ടകം ഗെസ്റ്റ് ഹൗസിലാണ് അദ്ദേഹം താമസിക്കുന്നത്. ഇന്നു രാവിലെ ഒൻപതോടെ അദ്ദേഹം പ്രളയബാധിത മേഖലകൾ സന്ദർശിക്കാനായി പുറപ്പെടും. കൂട്ടിക്കൽ, ഏന്തയാർ, കുറുവാമൂഴി ഭാഗങ്ങൾ സന്ദർശിക്കും. നാളെ രാവിലെ പ്രസ് ക്ലബ്ബിൽ കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസിന്റെ പുസ്തക പ്രകാശനം ഗവർണർ നിർവഹിക്കും. തുടർന്ന് എറണാകുളത്തേക്കു തിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com