60 കുട്ടികൾക്ക് യാത്ര ചെയ്യാൻ പൊളിഞ്ഞ ചങ്ങാടം മാത്രം, ചുറ്റും വെള്ളമാണ്: പക്ഷേ, തീയാണ് അമ്മമനസ്സുകളിൽ

Mail This Article
∙യാത്ര ചെയ്യാൻ പൊളിഞ്ഞ ചങ്ങാടം മാത്രമുള്ള ഇട്ടിയാകടങ്കരി
∙ഇവിടെ നിന്നു സ്കൂളിൽ പോകുന്നത് 60 കുട്ടികൾ
വെച്ചൂർ ∙ ഇട്ടിയാകടങ്കരിയിലെ കുഞ്ഞുങ്ങൾക്ക് ‘അസ്ഥിപഞ്ജരം’ എന്ന വാക്കിന്റെ അർഥം മനഃപാഠം. ‘അസ്ഥിപഞ്ജരം’ എന്ത് എന്ന് ആരെങ്കിലും ചോദിച്ചാൽ വീപ്പയിൽ സ്റ്റീൽ ദണ്ഡുകൾ ഉപയോഗിച്ചു നിർമിച്ച പൊളിഞ്ഞ ചങ്ങാടം ചൂണ്ടിക്കാട്ടും അവർ. ചങ്ങാടത്തിന്റെ ‘ജീവൻ നഷ്ടപ്പെട്ട്’ അസ്ഥിയല്ലാതെ മറ്റൊന്നും ഇതിനില്ല. ചങ്ങാടത്തിന്റെ പ്ലാറ്റ്ഫോം ഏതാണ്ട് ഇല്ലാതായതിനാൽ നോക്കി ചവിട്ടിയില്ലെങ്കിൽ കൈപ്പുഴമുട്ട് തോട്ടിലേക്ക് ഊർന്നു വീണേക്കാം.
വെച്ചൂർ പഞ്ചായത്ത് ആറാം വാർഡാണ് ഇട്ടിയാകടങ്കരി. ആർപ്പൂക്കര പഞ്ചായത്തിന്റെ അതിർത്തിയിലെ കൈപ്പുഴയുടെ തീരത്തുനിന്നു നോക്കിയാൽ അക്കരെ ഈ നാട് കാണാം. തുരുത്തെന്നു വിളിക്കാം ഇതിനെ. 40 കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ പാടശേഖരങ്ങളാണ് ഏറെ. പുറംലോകവുമായി ബന്ധപ്പെടാൻ ചങ്ങാടമല്ലാതെ മറ്റു സൗകര്യങ്ങളില്ല. 60 കുരുന്നുകളാണ് ഇവിടെ നിന്നു പുറത്തേക്കു ദിവസവും പഠിക്കാനായി പോകുന്നത്. ഇവർ ചങ്ങാടത്തിൽ കയറിയാൽ വൈകിട്ട് മടങ്ങിയെത്തുന്നതു വരെ തുരുത്തിലെ അമ്മമനസ്സുകളിൽ തീയാണ്. സൂക്ഷിച്ചു കാൽ വച്ചില്ലെങ്കിൽ, ചെറിയൊരു ഓളത്തിൽ ചങ്ങാടം ആടിയുലഞ്ഞാൽ... ഒന്നും വരുത്തരുതേ എന്ന് അവർ പേരറിയാവുന്ന ദൈവങ്ങളെ വിളിച്ചു പ്രാർഥിക്കുന്നു.
കോട്ടയം – വൈക്കം റോഡിൽ കൈപ്പുഴമുട്ട് പാലത്തിനു സമീപം തോട്ടിൻകരയിലൂടെ ഒന്നര കിലോമീറ്ററോളം കിഴക്കോട്ടു പോയാൽ പുഴയ്ക്കക്കരെ ഇട്ടിയാകടങ്കരി കാണാം. ഇട്ടിയാകടങ്കരിയുടെ മറ്റേ അറ്റം ചെറുവള്ളിങ്കരിയാണ്. തുരുത്തിൽ കടകളോ സർക്കാർ സ്ഥാപനങ്ങളോ ഇല്ല. അന്തി മയങ്ങും മുൻപ് സാധനങ്ങൾ വാങ്ങി തുരുത്തിലെത്തിയില്ലെങ്കിൽ കാര്യം കുഴഞ്ഞു. ചരുവത്തിൽ കയറിയിരുന്നു തുഴഞ്ഞാണ് ഇവിടത്തെ കുട്ടികൾ നേരത്തേ മറുകരയിൽ എത്തിയിരുന്നത്. അക്കരെ വലിയവെളിച്ചം റോഡിലോ ആർപ്പൂക്കര പഞ്ചായത്തിലെ മഞ്ചാടിക്കരിയിലോ എത്തി കയ്യിൽ കരുതിയ വസ്ത്രങ്ങൾ അണിഞ്ഞായിരുന്നു സ്കൂളിലേക്കു യാത്ര.
ഇവരുടെ ദുരിതം നേരിട്ടുകണ്ട വേൾഡ് വിഷൻ സന്നദ്ധ സംഘടനാ പ്രവർത്തകർ 2018ൽ ഇവർക്കൊരു കൊച്ചുചങ്ങാടം നൽകി. നിരന്തര ഉപയോഗത്തിലൂടെ അത് ഉപയോഗയോഗ്യമല്ലാതായി. മറ്റൊന്നു കൂടി പിന്നീട് നൽകി. അതിന്റെ അവസ്ഥയാണ് ഇപ്പോൾ ശോചനീയമായിരിക്കുന്നത്.
സൂര്യൻ അസ്തമിച്ചാൽ തുരുത്തുകാർക്കു പുറംലോകത്തേക്കോ പുറത്തു നിന്ന് ഇവിടേക്കോ കടക്കാൻ മാർഗമില്ല. വലിയവെളിച്ചം റോഡിൽ നിന്ന് ഇട്ടിയാകടങ്കരിയിലേക്കൊരു പാലം വന്നാൽ തങ്ങളുടെ ദുരിതത്തിന് അറുതി വരുമെന്നാണു തുരുത്തുകാർ പറയുന്നത്. അങ്ങനെയൊരു പാലം വന്നാൽ ഏഴാം ക്ലാസുകാരി അനീനയും മൂന്നാം ക്ലാസുകാരി ഐറിൻ മരിയയും എൽകെജിക്കാരൻ ആദിലും യുകെജിക്കാരി എസ്തറുമൊക്കെ സ്കൂളിലേക്കു പുറപ്പെടുമ്പോൾ ‘ചങ്കിടിച്ച്’ ഇവരുടെ അമ്മമാർ അക്കരെ നോക്കിനിൽക്കില്ല.