ADVERTISEMENT

കോട്ടയം ∙ രണ്ടു വർഷം മുൻപ് വാഗമൺ വട്ടപ്പതാലിലെ റിസോർട്ടിൽ നടത്തിയ നിശാപാർട്ടിയിൽ ലഹരി ഇടപാട് പിടിച്ചെങ്കിലും ‘ചെയിൻ’ പൊട്ടിക്കാൻ  പൊലീസും എക്സൈസും മിനക്കെട്ടില്ല. തുടർന്ന് രണ്ടു വർഷത്തിനിടെ ലഹരി മാഫിയ ജില്ലയിലെ സ്കൂളുകളിലേക്കും കോളജുകളിലേക്കും ഇരകളെ തേടിയെത്താൻ കഴിവുള്ളവരായി വളർന്നു. അന്നു ജാഗ്രത കാട്ടിയെങ്കിൽ രാസലഹരിയുടെ ഉപയോഗം ജില്ലയിൽ ഇത്ര കണ്ടു വർധിക്കില്ലായിരുന്നുവെന്നാണു വിദഗ്ധപക്ഷം.

അന്നു ലഹരിമരുന്നെത്തിച്ചത് തൊടുപുഴ സ്വദേശി അജ്മലാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബെംഗളൂരു, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് ഇയാൾ  നിശാപാർട്ടിയിലേക്കു ലഹരി എത്തിച്ചത്. ഇവരുടെ കൂട്ടായ്മയ്ക്കു നേതൃത്വം നൽകിയത് കോഴിക്കോട് സ്വദേശി സൽമാനും എടപ്പാൾ സ്വദേശി നബീലുമാണെന്നായിരുന്നു അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവരാണു ലഹരിമരുന്നിന്റെ ഉപയോഗത്തിനായി നിശാപാർട്ടികളിലേക്ക് എത്തിയത്. പല ജില്ലകളിൽ നിന്നുള്ള അവിവാഹിതരായ യുവതീ യുവാക്കൾ സംഘത്തിലുള്ളവരുടെ ജന്മദിനം ആഘോഷിക്കാനെന്ന പേരിലാണ് നിശാപാർട്ടിക്കായി പലപ്പോഴും റിസോർട്ടുകളിലും മറ്റും ഒത്തുകൂടാറുള്ളത്.

കടത്ത് കണ്ടെത്താനും കിറ്റുണ്ട്, പക്ഷേ...

ലഹരിമരുന്നു കടത്തുന്നതു കണ്ടെത്താൻ ഉപയോഗിക്കുന്നത് കാലഹരണപ്പെട്ട കിറ്റുകൾ. പിടിക്കപ്പെടുന്ന ‘സാധനം’ ലഹരി മരുന്നാണോ എന്നറിയുന്നതിനായി  ഫീൽഡ് ഡ്രഗ് ഡിറ്റക്‌ഷൻ കിറ്റുകളാണ് ഉപയോഗിക്കുന്നത്. കാലാവധി കഴിഞ്ഞ  കിറ്റുകളാണു പലപ്പോഴും പരിശോധനയ്ക്ക് ഉപയോഗിക്കുന്നതെന്നാണ് ആക്ഷേപം. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) യാണ് ഡിആർഐ, കസ്റ്റംസ്, എക്സൈസ്, പൊലീസ് എന്നിങ്ങനെ ലഹരിമരുന്നു പിടികൂടാൻ അധികാരമുള്ള ഏജൻസികൾക്കു ഡിറ്റക്‌ഷൻ കിറ്റുകൾ നൽകുന്നത്.

ഒരു തവണ നൽകുന്ന കിറ്റിന്റെ കാലാവധി 6 മാസമാണ്. കിറ്റ് ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധനയ്ക്കു നിയമപരമായ സാധുതയില്ലെങ്കിലും ലഹരിമരുന്ന് എന്താണെന്നു കണ്ടെത്താനും പ്രതികളെ കസ്റ്റഡിയിലെടുക്കാനും സഹായകരമാകാറുണ്ട്. കിറ്റിന്റെ പഴക്കം പരിശോധനാ ഫലത്തെ ബാധിച്ചാൽ, പ്രതികൾ പ്രാഥമിക പരിശോധനയിൽ രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. 2018ൽ കൊച്ചിയിൽ പിടികൂടിയ 26 കിലോ എംഡിഎംഎ, കെമിക്കൽ ലബോറട്ടറിയിൽ പരിശോധിച്ചപ്പോൾ എഫിഡ്രിൻ ഹൈഡ്രോക്ലോറൈഡ് ആണെന്നു വ്യക്തമായിരുന്നു.

‘ഉണർവു’മായി എക്സൈസ് സ്കൂളിലേക്ക് 

സ്കൂളുകളിൽ വലവിരിച്ച ലഹരി മാഫിയയെ അകറ്റാൻ ക്രിക്കറ്റും ഫുട്ബോളും ടെന്നിസും പാട്ടും നൃത്തവുമൊക്കെയായി എക്സൈസ് ഉദ്യോഗസ്ഥർ സ്കൂളുകളിലേക്കു വരും. വിദ്യാർഥികളെ തേടി ലഹരി സംഘം വ്യാപകമായി വല വിരിച്ചതോടെയാണ് ആ വല പൊട്ടിച്ചു വിദ്യാർഥികളുടെ ശ്രദ്ധ കലാ കായിക ഇനങ്ങളിലേക്കു തിരിക്കാൻ എക്സൈസ് വകുപ്പ് പദ്ധതി തയാറാക്കിയത്. ‘ഉണർവ് ’ എന്നാണു പദ്ധതിക്കു പേര്.  ഒരു സ്കൂളിന് 5 ലക്ഷം രൂപയാണ് എക്സൈസ് വകുപ്പ് നൽകുന്നത്. പിടിഎയുമായി ചേർന്നു സ്കൂളുകളിൽ കോർട്ടും കളിസാമഗ്രികളും സജ്ജമാക്കും. പരിശീലകനെയും നൽകും. വിമുക്തി പദ്ധതിയിൽ നിന്നാണ് ഇതിനായി പണം കണ്ടെത്തുന്നത്. 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com