ജലജീവൻ പദ്ധതി കുഴിമൂടിയത് അശാസ്ത്രീയം; ദേശീയപാതയിൽ പൈപ്പ് കെണി
Mail This Article
വെള്ളൂർ ∙ ദേശീയപാതയിലുടെ സഞ്ചരിക്കുന്നവർ വാഹനം ഒതുക്കി പാർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ ജാഗ്രതൈ. സൂക്ഷിച്ചില്ലെങ്കിൽ വാഹനം മണ്ണിൽ പുതയും. വെള്ളൂർ അണ്ണാടിവയൽ മുതൽ എട്ടാം മൈൽ നെടുങ്കുഴി ജംക്‌ഷൻ വരെയുള്ള ഭാഗങ്ങളിലാണ് ഈ ദുരിതം. വാഹനങ്ങളുടെ വീൽ താഴുന്നതു മാത്രമല്ല, കാൽനട യാത്രക്കാരുടെ കാലും മണ്ണിൽ പുതയുന്ന സ്ഥിതിയാണ്. ജലജീവൻ പദ്ധതിയുടെ ഭാഗമായി ദേശീയ പാതയുടെ ഇരുവശങ്ങളിലും കുഴിയെടുത്ത് പൈപ്പ് ലൈൻ സ്ഥാപിച്ചതാണ്.
എന്നാൽ പൈപ്പിട്ടശേഷം കുഴിമൂടിയതു അശാസ്ത്രീയമായി. പ്രതികൂല കാലാവസ്ഥയിൽ റോഡിനു സമീപം മുഴുവൻ ചെളിക്കുണ്ടായി. വെള്ളൂർ പിടിഎം ഗവ. ഹയർ സെക്കൻഡറി സ്കൂളിനും വെള്ളൂർ സെന്റ് സൈമൺസ് യാക്കോബായ പള്ളി കഴിഞ്ഞ് നെടുങ്കുഴി ജംക്‌ഷനു സമീപവുമാണ് ദുരിതമേറെ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിരവധി വാഹനങ്ങളാണ് ഇങ്ങനെ ചെളിയിൽ പൂണ്ടത്.
കുഴിയിൽ വീഴുന്ന വാഹനങ്ങൾ വലിച്ച് കയറ്റാൻ ദേശീയപാതയിൽ ക്രെയിൻ കൊണ്ടുവരുന്നതു സ്ഥിരം കാഴ്ചയാകുന്നു. തുടർന്ന് വലിയ ഗതാഗത കുരുക്കും രൂക്ഷമാണ്. ഓണത്തിരക്കേറുന്ന സാഹചര്യത്തിലാണു യാത്രക്കാർക്കു ദുരിതം സമ്മാനിച്ചിരിക്കുന്നത്. അതിനാൽ അധികൃതർ യുദ്ധകാല അടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിച്ച് യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.